തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പനയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്. 2022-23 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി 28 വരെയുള്ള കണക്കുകൾ പ്രകാരം വിൽപ്പന നികുതി ഒഴികെ സംസ്ഥാന ഖജനാവിലേക്ക് ലഭിച്ചത് 2,480.15 കോടി രൂപയാണ്. 2018-19 കാലഘട്ടത്തിലെ 1,948.69 കോടി രൂപയുടെ റെക്കോർഡാണ് ഇക്കുറി തകർന്നത്.
2018-19 സാമ്പത്തിക വർഷത്തിൽ മദ്യവിൽപ്പനയിലൂടെ ലഭിച്ച ആകെ വരുമാനം 2,480.63 കോടി രൂപയായിരുന്നു. ഈ വർഷം മാർച്ചിലെ കണക്കുകൾ കൂടി പുറത്ത് വരുമ്പോൾ, ഇത് മറികടക്കപ്പെടുമെന്നാണ് കണക്ക്കൂട്ടൽ.
ബാർ ഹോട്ടലുകളും ബീയർ വൈൻ പാർലറുകളും ഉൾപ്പെടെ ഉള്ളവയുടെ ലൈസൻസ് പുതുക്കുന്ന കാലമായതിനാൽ മാർച്ചിൽ വലിയ വരുമാനമാണ് മദ്യവിൽപ്പനയിലൂടെ ലഭിക്കുന്നത്. നിലവിലുള്ള ലൈസൻസുകൾ പുതുക്കുന്നതിലൂടെ മാത്രം സർക്കാരിന് ലഭിക്കുക 225 കോടി രൂപയായിരിക്കും. മറ്റ് നികുതികളും ഫീസുകളും കൂടി ചേർത്താൽ ഇത് 500 കോടി കവിയും.
മാർച്ച് 31 വരെയുള്ള കണക്കുകൾ കൂടി പുറത്ത് വരുമ്പോൾ നടപ്പ് സാമ്പത്തിക വർഷത്തെ വരുമാനം 3000 കോടി കവിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സർക്കാരിന്റെ പ്രതീക്ഷിത വരുമാനം 2,800.45 കോടി രൂപയായിരുന്നു.
മദ്യത്തിന്റെ വിൽപ്പന നികുതി കഴിഞ്ഞ നവംബറിൽ സർക്കാർ നാല് ശതമാനമായി വർദ്ധിപ്പിച്ചിരുന്നു. ഏപ്രിൽ 1 മുതൽ സാമൂഹിക സുരക്ഷാ സെസ് കൂടി ഏർപ്പെടുത്തുന്നതോടെ, വരുമാനം കോടിക്കണക്കിന് രൂപയായി ഇനിയും ഉയരും എന്നാണ് കണക്ക് കൂട്ടൽ. ഒരു ലിറ്റർ മദ്യത്തിന് വാങ്ങുന്ന വിലയുടെ 21.5 ശതമാനം മുതൽ 23.5 ശതമാനം വരെയാണ് സർക്കാർ എക്സൈസ് തീരുവയായി ചുമത്തുന്നത്.
Discussion about this post