തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അരുൺ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. പ്രതിക്കുള്ള ശിക്ഷ നാളെ പുറപ്പെടുവിക്കും. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് സൂര്യഗായത്രിയെ പേയാട് സ്വദേശി അരുൺ വീട്ടിൽക്കയറി കുത്തിക്കൊന്നെന്നാണ് കേസ്. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവച്ചു.
കൊലപാതകം, കൊലപാതക ശ്രമം, ഭവന ഭേദനം, ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞു. വിവാഹാഭ്യർത്ഥന നിരസിച്ചതിന് മാതാപിതാക്കളുടെ കൺമുൻപിൽ വച്ചായിരുന്നു ആക്രമണം. കൊല്ലപ്പെട്ട സൂര്യഗായത്രി തന്നെ കൊല്ലാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം കത്തി പിടിച്ചുവാങ്ങി തുരുതുരെ കുത്തിയതാണെന്നാണ് പ്രതിഭാഗം വാദിച്ചത്.
കൊല്ലപ്പെട്ട സൂര്യഗായത്രിയെ വിവാഹം ചെയ്ത് നൽകാത്ത വിരോധമാണ് പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിലും ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തിലും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോൾ ക്രൈംബ്രാഞ്ച് ഭരണവിഭാഗം ഡിവൈ.എസ്.പി.യുമായ ബി.എസ്. സജിമോൻ നൽകിയ മൊഴി പ്രോസിക്യൂഷന് നിർണ്ണായക തെളിവായി മാറി. കത്തിയുടെ നീളവും മുറിവിന്റെ ആഴവും കൃത്യമായിരുന്നതായി പോലീസ് സർജൻ ധന്യാ രവീന്ദ്രനും സൂര്യഗായത്രിയുടെ വസ്ത്രങ്ങളിലും കത്തിയിലും സൂര്യഗായത്രിയുടെ രക്തം തന്നെയാണുണ്ടായിരുന്നതെന്നും ഫൊറൻസിക് വിദഗ്ധരും മൊഴി നൽകി.
Discussion about this post