ന്യൂഡൽഹി: വരാൻ പോകുന്ന ദേശീയ പാത വികസനത്തിന് പണം തരാമെന്ന് ഏറ്റതിന് ശേഷം കേരളം പിന്മാറി. ദേശീയ പാത 66 ഉൾപ്പെടെയുള്ളവയ്ക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് രാജ്യസഭാ എം പി, എ എ റഹീമിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിയുടെ പൂർണ വിവരങ്ങൾ പുറത്ത് വന്നു.
മഹാരാഷ്ട്ര, കർണാടക, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ദേശീയ പാത 66 കടന്ന് പോകുന്നത്. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ ഫണ്ട് നൽകിയിട്ടില്ല. എന്നാൽ, മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ ഭൂമി ഏറ്റെടുക്കലിന് വലിയ വില നൽകേണ്ടി വരുന്നുണ്ട്. ഇതിനാൽ, ഭൂമി ഏറ്റെടുക്കലിന്റെ ചിലവിന്റെ ഒരു ഭാഗം വഹിക്കാൻ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ഭൂമി ഏറ്റെടുക്കാൻ വേണ്ടി വരുന്ന തുകയുടെ 25 ശതമാനം ചിലവ് വഹിക്കാമെന്ന് കേരളം സമ്മതിച്ചിരുന്നുവെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
ഇതിലേക്കായി കേരളം ദേശീയ പാത വികസന അതോറിറ്റിക്ക് 5,519 കോടി രൂപ നൽകിയതായി കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ പിന്നീടുള്ള പദ്ധതികൾക്കുള്ള ഭൂമി ഏറ്റെടുക്കൽ തുകയുടെ വിഹിതം നൽകുന്നതിൽ നിന്നും കേരളം പിന്മാറുകയായിരുന്നു.
ഭാരത്മാല പദ്ധതിക്ക് കീഴിലുള്ള മറ്റ് നാല് പദ്ധതികൾക്കുള്ള ഭൂമി ഏറ്റെടുക്കൽ തുകയുടെ വിഹിതം വഹിക്കുന്നതിൽ നിന്നും കേരളം പിന്മാറിയതായാണ് കേന്ദ്രമന്ത്രി പാർലമെന്റിൽ വ്യക്തമാക്കിയത്. ഭൂമി ഏറ്റെടുക്കൽ തുകയുടെ 25 ശതമാനം നൽകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് കേരളം അപേക്ഷിക്കുകയായിരുന്നുവെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
ദേശീയപാത 544ലെ വാളയാർ- വടക്കാഞ്ചേരി പാത 6 വരിയാക്കൽ, എറണാകുളം ബൈപ്പാസ് ഉൾപ്പെടുന്ന ദേശീയ പാത 544ലെ തൃശൂർ- ഇടപ്പള്ളി പാത 6 വരിയാക്കൽ, ദേശീയ പാത 744ലെ കൊല്ലം- ചെങ്കോട്ട പാത 4 വരിയാക്കൽ, ഗ്രീൻഫീൽഡ് ഹൈവേ എന്നിവയുടെ ഭൂമി ഏറ്റെടുക്കലിൽ നിന്നാണ് കേരളം പിന്മാറിയതെന്ന് എ എ റഹീമിന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.
ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കൽ തുകയുടെ 25 ശതമാനം നൽകിയ മറ്റ് സംസ്ഥാനങ്ങൾ ഏതൊക്കെ എന്ന റഹീമിന്റെ ചോദ്യത്തിനും കേന്ദ്ര മന്ത്രി കൃത്യമായി മറുപടി നൽകി. ബിഹാർ, തമിഴ്നാട്, കർണാടക, ആന്ധ്രാ പ്രദേശ്, ഒഡിഷ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, എന്നീ സംസ്ഥാനങ്ങൾ ഭൂമി ഏറ്റെടുക്കൽ തുകയുടെ 100 ശതമാനവും വഹിക്കുകയോ വഹിക്കാമെന്ന് ഉറപ്പ് നൽകുകയോ ചെയ്തിട്ടുണ്ട്. നാഗലാൻഡ്, മണിപ്പൂർ, അസം തുടങ്ങിയ സംസ്ഥാനങ്ങൾ ഭൂമി സൗജന്യമായി ഏറ്റെടുത്ത് നൽകിയിട്ടുണ്ട്. ഏറ്റെടുത്ത ഭൂമിക്ക് പകരം ഭൂമി നൽകാമെന്ന് മദ്ധ്യപ്രദേശ് സർക്കാർ ജനങ്ങളുമായി ധാരണയിലെത്തിയിട്ടുണ്ട് എന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
കേരളവും ഈ പട്ടികയിൽ ആദ്യം ഉൾപ്പെട്ടിരുന്നു. എന്നാൽ ദേശീയപാത 66ന്റെ വികസനം ഒഴികെ, മറ്റുള്ള പദ്ധതികളിലെ ഭൂമി ഏറ്റെടുക്കലിൽ നിന്നും സംസ്ഥാനം പിന്മാറുകയായിരുന്നു എന്ന് മന്ത്രി വിശദീകരിച്ചു.











Discussion about this post