ഡോക്ടറെ നൂറ് ശതമാനം വിശ്വസിച്ച് ചികിത്സ മുന്നോട്ട് കൊണ്ടുപോയ വ്യക്തിയാണ് ഇന്നസെന്റ് എന്ന് ഡോക്ടർ വിപി ഗംഗാധരൻ. രോഗത്തെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ധാരണ ഉണ്ടായിരുന്നു. ഇത് എല്ലാ രോഗികളും അനുവർത്തിക്കേണ്ട പാഠമാണെന്നും ഡോക്ടർ പറഞ്ഞു.
ചികിത്സാ കാലത്ത് പലയിടത്ത് നിന്നും പല ഉപദേശങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. ചിലർ പറയും മുള്ളൻചക്ക കഴിക്കാൻ, മറ്റ് ചിലർ പറയും ഒറ്റമൂലി പരീക്ഷിക്കാൻ, എല്ലാവരും പറയുന്ന കാര്യങ്ങൾ കേൾക്കും. ആ മുള്ളൻചക്കയും ആത്തച്ചക്കയുമെല്ലാം വീടിന്റെ മൂലയ്ക്ക് കിടപ്പുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞിരുന്നതായി ഡോക്ടർ ഗംഗാധരൻ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ധാരണകൾ സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്.
ഇന്നസെന്റ് വെറുമൊരു എട്ടാം ക്ലാസുകാരനല്ല. പിഎച്ച്ഡിക്കാർ പോലും ചെയ്യുന്ന മണ്ടത്തരങ്ങൾ കാണാറുണ്ട്. അതൊന്നും ഇന്നസെന്റ് ചെയ്തില്ല. ചികിത്സയ്ക്കായി അമേരിക്കയിലും പോയില്ല. ജ്യേഷ്ഠൻ അമേരിക്കയിൽ ഡോക്ടറായതിനാൽ എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിന് യുഎസിലേക്ക് പോകാനുള്ള സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ലോകത്തിന്റെ ഏത് കോണിൽ കിട്ടുന്ന ചികിത്സയും ഇന്ത്യയിലും കേരളത്തിലും കിട്ടുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
അദ്ദേഹം മരണപ്പെട്ടുവെന്ന് അറിഞ്ഞ് പലരും തന്നെ വിളിച്ചിരുന്നു. കാൻസർ മൂലമാണോ ഇന്നസെന്റ് മരിച്ചത് എന്നാണ് എല്ലാവർക്കും അറിയേണ്ടത്. എന്നാൽ കാൻസർ കാരണമായിരുന്നില്ല അദ്ദേഹത്തിന്റെ മരണമെന്ന് ഡോക്ടർ ഗംഗാധരൻ പറഞ്ഞു.
Discussion about this post