ന്യൂഡൽഹി: ഹൗറയിൽ രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നിയമം കയ്യിലെടുത്തവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജി കുറ്റവാളികൾക്ക് ക്ലീൻ ചിറ്റ് നൽകുകയായിരുന്നുവെന്ന് സ്മൃതി ഇറാനി ആരോപിച്ചു.
”ഹൗറയിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരയാണ് കല്ലേറുണ്ടായത്. നിയമം കയ്യിലെടുക്കുകയും രാമനവമി ശോഭായാത്രയ്ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തവർക്കെതിരെ നടപടി എടുക്കുന്നതിന് പകരം മമത ബാനർജി അവർക്ക് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്. ഹിന്ദു സമൂഹത്തെ മമത എത്ര നാൾ ഇതുപോലെ ആക്രമിക്കുമെന്നും” സ്മൃതി ഇറാനി ചോദിച്ചു.
മമതയുടെ കാലത്ത് ഇത് ആദ്യ സംഭവമല്ല. 2022ൽ ദളിത് വിഭാഗത്തിൽ പെട്ടവർ ലക്ഷ്മീ പൂജ നടത്തുന്നതിനിടെ ആക്രമിക്കപ്പെട്ടിരുന്നു. ആ സമയത്ത് അവർ മൗനം പാലിച്ചുവെന്നും സ്മൃതി ഇറാനി ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന രാമനവമി ഘോഷയാത്രയ്ക്ക് നേരെയാണ് വ്യാപക ആക്രമണം ഉണ്ടായത്. വിഷയത്തിൽ പശ്ചിമ ബംഗാൾ സർക്കാർ അന്വേഷണം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറിയിരിക്കുകയാണ്.
ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് സുനിൽ ചൗധരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ആക്രമണങ്ങൾക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസുമായി സംസാരിക്കുകയും ഹൗറയിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു.
Discussion about this post