വയനാട്: വയനാട്ടിൽ ചികിത്സ കിട്ടാതെ ആറുമാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ മാനന്തവാടി മെഡിക്കൽ കോളജിലെ താത്ക്കാലിക ഡോക്ടറെ പിരിച്ചുവിട്ടു. ചികിത്സ നൽകുന്നതിൽ ഡോക്ടർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുഞ്ഞിനെ ആദ്യം ചികിത്സിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിലും വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. ഡോക്ടർ മരുന്ന് മാത്രം നൽകി മടക്കി അയച്ചതിന് പിന്നാലെയാണ് ആറ് മാസം മാത്രം പ്രായമായ കുഞ്ഞ് മരിക്കുന്നത്. കാരാട്ട് കുന്ന് ആദിവാസി കോളനിയിലെ ദമ്പതികളായ ബിനീഷിന്റേയും ലീലയുടേയും കുഞ്ഞാണ് മരിച്ചത്.
മാർച്ച് 22നാണ് കടുത്ത ചുമയും കഫക്കെട്ടിനേയും തുടർന്ന് കുഞ്ഞിന് ചികിത്സ തേടി ഇവർ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയത്. കുഞ്ഞിനെ അഡ്മിറ്റ് ചെയ്യണം എന്നാവശ്യപ്പെട്ടപ്പോൾ ഡോക്ടർ ദേഷ്യപ്പെടുകയാണ് ഉണ്ടായതെന്ന് ബിനീഷ് പറയുന്നു. ഒരു മരുന്ന് മാത്രം ആശുപത്രിയിൽ നിന്ന് നൽകുകയും ബാക്കിയുള്ളവ പുറത്ത് നിന്ന് വാങ്ങാൻ പറഞ്ഞ് മടക്കി അയക്കുകയുമായിരുന്നു.
കയ്യിൽ പണം ഇല്ലാത്തതിനാൽ വീട്ടിലെത്തി പണം ഏർപ്പാടിക്കിയ ശേഷം പിറ്റേന്ന് മരുന്ന് വാങ്ങാം എന്നാണ് കരുതിയത്. എന്നാൽ രാവിലെയോടെ കുഞ്ഞ് മരിച്ചു. ന്യുമോണിയയും വിളർച്ചയുമാണ് കുഞ്ഞിന്റെ മരണകാരണമായി പറയുന്നത്. കുഞ്ഞ് ജനിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്നും ദമ്പതികൾ പറയുന്നു.













Discussion about this post