കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി. കർണാടക വിട്‌ള പട്‌നൂർ സ്വദേശി അബ്ദുൽ ഹനീഫ മഅദനി (44)യെ ആണ് കോടതി 53 വർഷത്തെ തടവിന് ശിക്ഷിച്ചത്. ഇതിന് പുറമേ 3.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
പുല്ലൂർ ഉദയനഗറിലെ ഒരു മദ്രസയിൽ അദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴായിരുന്നു ഇയാൾ ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. 10 ഉം 11 ഉം വയസ്സുള്ള കുട്ടികളായിരുന്നു പീഡിപ്പിക്കപ്പെട്ടത്. താൻ പറയുന്നത് അനുസരിക്കണമെന്നും അല്ലാത്ത പക്ഷം അള്ളാഹു കോപിക്കുമെന്നും പറഞ്ഞ് ഭീഷണി ഇയാൾ കുട്ടികളെ മുറിയിൽ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു.
പീഡനം അസഹനീയമായതോടെ കുട്ടികൾ മദ്രസയിൽ പോകാൻ വിസമ്മതിച്ചു. ഇതോടെ രക്ഷിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് ഹനീഫ മഅദനി പീഡിപ്പിക്കുന്നതായി കുട്ടികൾ വെളിപ്പെടുത്തിയത്. ഉടനെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ക്രൂര പീഡനങ്ങൾ വ്യക്തമായി. തുടർന്ന് കോടതിയിൽ വിശദമായ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി 53 വർഷം തടവ് ശിക്ഷ വിധിച്ചത്. കാസർകോട് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (1) ജഡ്ജി എ.മനോജാണ് വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചത്. പിഴ തുക പീഡിപ്പിക്കപ്പെട്ട കുട്ടികൾക്ക് നൽകണം. അല്ലാത്ത പക്ഷം മൂന്നര വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
Discussion about this post