തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിൽ പുതുക്കി നിർമ്മിച്ച ടോയ്‌ലറ്റുകളുടെ സംസ്ഥാന തല ഉദ്ഘാടനം തിങ്കളാഴ്ച. ഉച്ചയ്ക്ക് 12.00 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഉദ്ഘാടനം നിർവ്വഹിക്കുക. യാത്രികരിൽ നിന്നും നിരന്തരം പരാതി ഉയർന്നതിനെ തുടർന്നാണ് ഡിപ്പോകളിലെ ടോയ്‌ലറ്റുകൾ നവീകരിക്കാൻ തീരുമാനിച്ചത്.
ഡിപ്പോകളിൽ ടോയ്‌ലറ്റുകൾ ശരിയായ രീതിയിൽ പരിപാലിക്കുന്നില്ലെന്നും, പലതും ഉപയോഗ യോഗ്യമല്ലായെന്നുമെന്നുമായിരുന്നു കെ.എസ്.ആർ.ടി.സിയ്ക്ക് ലഭിച്ച പരാതി. ഇത് വ്യാപകമായതോടെ ഗതാഗതമന്ത്രിയുടെ ഉത്തരവ് പ്രകാരം ഒരു ഡിപ്പോയിലെ ടോയ്‌ലറ്റിന് 5 ലക്ഷം രൂപ വരെ ഉപയോഗിച്ചാണ് ടോയ്‌ലറ്റുകൾ പുനർനിർമ്മിച്ചത്. കെ.എസ്.ആർ ടി.സിയുടെ 93 ഡിപ്പോകളിൽ 72 ഡിപ്പോകളിലാണ് ടോയ്‌ലറ്റുകൾ പുതുക്കി നിർമ്മിച്ചിരിക്കുന്നത്.
ബാക്കി 16 ഡിപ്പോകളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ടോയ്‌ലറ്റുകൾ നിർമ്മിക്കുന്നുണ്ട്. കൂടാതെ എറണാകുളം പോലെയുളള സ്ഥലങ്ങളിൽ ലയൺസ് ക്ലബ്ബുമായി ചേർന്നും ടോയ്‌ലറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏകദേശം മൂന്നരകോടി രൂപയാണ് ടോയിലറ്റ് നവീകരണത്തിനായി ചെലവായിട്ടുള്ളത്.
എല്ലാ ഡിപ്പോകളിലെയും ബന്ധപ്പെട്ട യൂണിറ്റ് ഓഫീസർമാർ ചെയർമാനായും, മറ്റ് ഉദ്യോഗസ്ഥർ, അംഗീകൃത ട്രേഡ് യൂണിയന്റെ ഓരോ പ്രതിനിധി എന്നിവരടങ്ങുന്ന ഒരു സിവിൽ മെയിന്റിനൻസ് ആന്റ് വെൽഫെയർ കമ്മിറ്റി ഇതിന്റെ നടത്തിപ്പിനായി രൂപീകരിച്ചിരുന്നു. ഗതാഗതമന്ത്രിയായി ആന്റണി രാജു ചുമതലയേറ്റെടുത്ത ഉടൻ തന്നെ പ്രഖ്യാപിച്ചതാണ് കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലെ ടോയിലെറ്റുകൾ ഉന്നത നിലവാരത്തിലേക്ക് നവീകരിക്കുമെന്ന്.
ഇതിനിടയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടേക്ക് എ ബ്രേക്ക് എന്ന പദ്ധതി എല്ലാ ഡിപ്പോ കളിലും സ്ഥാപിക്കാം എന്ന് പറഞ്ഞിരുന്നത് കൊണ്ട് ഇക്കാര്യത്തിൽ കാലതാമസം ഉണ്ടായി.
എട്ട് സ്ഥലങ്ങളിൽ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ടോയിലെറ്റുകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നിർമ്മിച്ചു. മറ്റിടങ്ങളിൽ പൂർത്തിയായും വരുന്നുണ്ട്. ബാക്കി ഉള്ള സ്ഥലങ്ങളിൽ നിലവിൽ പ്രവർത്തിക്കുന്ന ടോയിലറ്റുകൾ നവീകരിക്കാൻ ആദ്യം സർക്കാർ ഏജൻസികളെ സമീപിച്ചപ്പോൾ കാലതാമസം ഉണ്ടായപ്പോൾ ഗതാഗത മന്ത്രിയുടെ നിർദ്ദേശാനുസരണം ബസ് സ്റ്റേഷനുകളിലെ യൂണിറ്റ് ഓഫീസറുടെ നേതൃത്വത്തിൽ സിവിൽ മെയിന്റിനൻസ് ആന്റ് വെൽഫെയർ കമ്മിറ്റി ഉണ്ടാക്കി അവരുടെ നേതൃത്വത്തിൽ ജീവനക്കാരുടെ സമ്പൂർണ്ണ പങ്കാളിത്തത്തോടെ കേരളത്തിലെ 74 സ്ഥലങ്ങളിൽ ടോയിലറ്റ് നവീകരണം ആരംഭിച്ചു. അതിൽ 72 ഇടങ്ങളിൽ പണി പൂർത്തിയായി. രണ്ട് സ്ഥലങ്ങളിൽ സാങ്കേതിക പ്രശ്‌നം കാരണം പൂർത്തിയാക്കിയില്ല. അതും സമയബന്ധിതമായി തന്നെ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കും.
ഏതാണ്ട് കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോയിലും മികച്ച രീതിയിലുള്ള ടോയ്‌ലെറ്റ് നിർമ്മിച്ചു കഴിഞ്ഞു. കെഎസ്ആർടിസിയുടെ ജീവനക്കാരുടെ സഹകരണത്തോടെയാണ് മികച്ച രീതിയിൽ ഇവ പൂർത്തിയാക്കാനായത്. ഓഫീസർമാരും, ജീവനക്കാരും മാനേജ്‌മെന്റിനോടൊപ്പം കൈകോർത്ത് ഒന്നിച്ച് നിന്ന് പ്രവർത്തിച്ചാൽ ഈ സ്ഥാപനം ഉന്നതിയിലേക്ക് ഉയരും എന്നതിന്റെ തെളിവാണ് ഈ സംരംഭം, ഇനിയും ഓരോ ഡിപ്പോയും വൃത്തിയാക്കുന്ന രീതിയിലെ പ്രവർത്തനങ്ങൾ മന്ത്രി പ്രഖ്യാപിക്കുന്നതോടെ ജീവനക്കാരുടെ കൂട്ടായ്മയിൽ നടപ്പിലാക്കുകയും ചെയ്യും.
Discussion about this post