കോഴിക്കോട്: ആലപ്പുഴ – കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ കോച്ചിൽ ആക്രമണം നടത്തിയ പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. പ്രതി ഇതരസംസ്ഥാനക്കാരനാണെന്നാണ് സൂചന. ഇയാളുടെ രേഖാചിത്രം തയ്യാറാക്കുന്നുണ്ട്. സാക്ഷി റാസിക്കിന്റെ സഹായത്തോടെ എലത്തൂർ പോലീസ് സ്‌റ്റേഷനിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്. റെയിൽവേ പോലീസും സംഭവത്തിന്റെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തിൽ പ്രതിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ആക്രമണശേഷം പ്രതി രക്ഷപെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇയാൾ മൊബൈൽ ഫോൺ കൈയ്യിൽ പിടിച്ച് റോഡിന്റെ അരികിൽ നിൽക്കുന്നതും പിന്നാലെ ഒരു ബൈക്ക് വന്ന് കയറി പോകുന്നതുമാണ് ദൃശ്യങ്ങളിൽ ഉളളത്. കൈനീട്ടാതെ തന്നെയാണ് ബൈക്ക് അക്രമിയുടെ സമീപത്ത് വന്ന് നിർത്തുന്നത്. അക്രമം ആസൂത്രിതമാണെന്ന സൂചനയാണ് ഇത് നൽകുന്നത്. ഇയാളുടെ തോളിൽ ബാഗും ഉണ്ട് നേരത്തെ അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗിൽ നിന്ന് മൊബൈൽ ഫോൺ ഉൾപ്പെടെ ലഭിച്ചിരുന്നു. ഇത് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം
അതേസമയം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് പേരിൽ രണ്ട് പേരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ഇവരുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളില്ല. ട്രെയിനിൽ നിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണ് ഇരുവരുടേയും ശരീരത്തിലുള്ളത്. ട്രെയിനിൽ അക്രമി തീയിട്ടപ്പോൾ രക്ഷപെടാൻ ചാടിയവരെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂർ മട്ടന്നൂർ സ്വദേശികളാണ് മരിച്ചവർ. റഹ്മത്ത്, സഹോദരിയുടെ മകൾ സഹറ, നൗഫിക് എന്നിവരാണ് മരിച്ചത്. ഇതിൽ നൗഫിക്കിന്റേയും റഹ്മത്തിന്റേയും ഇൻക്വസ്റ്റ് നടപടികളാണ് പൂർത്തിയായത്.
Discussion about this post