കണ്ണൂർ; ഇന്നലെ ആലപ്പുഴ- കണ്ണൂർ എക്‌സ്പ്രസിൽ തീയിട്ട അക്രമിയുടേതെന്ന് കരുതി പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ കാപ്പാട് സ്വദേശിയുടേത്. മംഗളൂരുവിലെ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥി കോളേജിലേക്ക് പോകാനാണ് ആ സമയത്ത് പ്രദേശത്ത് എത്തിയത്. സുഹൃത്താണ് സ്‌കൂട്ടറിൽ വിദ്യാർത്ഥിയെ വിളിക്കാനെത്തിയത്. അക്രമിയുടേതിന് സമാനമായി ചുവപ്പ് ഷർട്ട് ധരിച്ചതാണ് പ്രതിയെന്ന് സംശയിക്കാൻ കാരണം. എന്നാൽ തൊട്ടെയടുത്ത മണിക്കൂറിനുള്ളിൽ തന്നെ ദൃശ്യങ്ങൾ പ്രതിയുടേതല്ലെന്ന് പോലീസ് വ്യക്തമാക്കുകയായിരുന്നു.
യുവാവിന്റെ വാക്കുകളിലേക്ക്
‘ 12.15 ന്റെ ട്രെയിനിന് മംഗലാപുരത്തേക്ക് പോകാനായി സുഹൃത്തിനെ കാത്ത് നിൽക്കുകയായിരുന്നു.രാവിലെ ട്രെയിൻ കയറി കോളേജിലെത്തി. ക്ലാസിലിരിക്കുമ്പോഴാണ് താനാണ് ട്രെയിൻ കത്തിച്ചതെന്ന രീതിയിൽ ദൃശ്യങ്ങൾ പ്രചരിച്ചത്. ഇതോടെ സംഭവം വീട്ടിൽ വിളിച്ചു പറഞ്ഞു. കൊണ്ടുവിടാൻ വന്ന സുഹൃത്തും വീഡിയോ അയച്ചുതന്നു. ‘ടെൻഷനൊന്നും ആയില്ല. ഞാനല്ല ചെയ്തത്. അതിനാൽ ഞാൻ ടെൻഷൻ അടിക്കേണ്ടല്ലോ’ എന്ന് വിദ്യാർത്ഥി പറയുന്നു. സ്വകാര്യത മാനിച്ച് വിദ്യാർത്ഥിയുടെ പേരുവിവരങ്ങൾ ഇത് വരെ പുറത്ത് വിട്ടിട്ടില്ല,
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന നോയിഡ സ്വദേശി മുഹമ്മദ് ഷെഹറൂഖ് സെയ്ഫിയെ പോലീസ് പിടികൂടി. കോഴിക്കോടാണ് ഇയാൾ താമസിച്ചിരുന്നത്. കെട്ടിട നിർമ്മാണ ജോലിക്കാരനായാണ് ഇവിടെ പണിയെടുത്തിരുന്നത്. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടുള്ള അന്വേഷണത്തിലാണ് പോലീസിന് പ്രതിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്
Discussion about this post