ചെന്നൈ: കടുത്ത വിരോധത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ നടത്തിയ ട്വീറ്റിൽ പുലിവാല് പിടിച്ച് നടൻ പ്രകാശ് രാജ്. മോദിയെക്കുറിച്ച് കന്നഡ പത്രം പ്രസിദ്ധീകരിച്ച വാർത്തയുടെ ശകലം പങ്കുവെച്ചുകൊണ്ട് നടത്തിയ ട്വീറ്റിലാണ് പ്രകാശ് രാജിന് അക്കിടി പറ്റിയത്. സംഭവത്തിൽ അദ്ദേഹത്തിനെതിരെ വ്യാപക പരിഹാസം ഉയരുന്നുണ്ട്.
1992 ൽ ഒരു കന്നഡ പത്രത്തിൽ മോദിയെക്കുറിച്ച് ഒരു വാർത്ത അച്ചടിച്ചുവന്നിരുന്നു. ഇത് കുത്തിപ്പൊക്കിയാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. വാർത്തയിൽ എവിടെയും മെക്കാനിക്കൽ എൻജിനീയർ എന്ന വാക്ക് പോലും ഉപയോഗിച്ചിട്ടില്ല. എന്നാൽ വാർത്തയിൽ മെക്കാനിക്കൽ എൻജിനീയറാണെന്ന് മോദി അവകാശപ്പെട്ടു എന്നായിരുന്നു പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ‘ലോക എൻജിനീയർമാരുടെ ദിനത്തിൽ മോദിയെ കൂടി നമുക്ക് ഓർക്കാം. 1992 ൽ തെലങ്കാനയിലെ കന്നഡ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ മെക്കാനിക്കൽ എൻജിനീയർ ആണ് താൻ എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്തായാലും അഭിനന്ദനങ്ങളെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ തന്നെ മോദി വിരുദ്ധരിൽ ഈ ട്വീറ്റ് വൈറലായി. പലരും ഇത് റിട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഒരു വിഭാഗം അദ്ദേഹത്തിനുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി രംഗത്ത് വരികയായിരുന്നു. വാർത്തയിൽ ഒരിടത്തുപോലും മെക്കാനിക്കൽ എൻജിനീയർ എന്നൊരു വാക്കുപോലുമില്ല. പിന്നെങ്ങനെയാണ് മോദി താൻ മെക്കാനിക്കൽ എൻജിനീയറെന്ന് അവകാശപ്പെട്ടു എന്ന കാര്യം ഇവർ വായിച്ചെടുത്തത് എന്നായി ചോദ്യം. ഇതോടെയാണ് തനിക്ക് പറ്റിയ അബദ്ധം പ്രകാശ് രാജിനും മനസ്സിലായത്. അപ്പോഴേയ്ക്കും തന്നെ ഇതിന് താഴെ പരിഹാസ കമന്റുകൾ നിറഞ്ഞിരുന്നു.
ഏത് വാട്‌സപ് സർവ്വകലാശാലയിലാണ് പ്രകാശ് രാജ് പഠിച്ചത് എന്നായിരുന്നു പലരുടെയും ചോദ്യം. ഇത് രസകരമായ ഒരു പന്തയം ആക്കി എടുക്കാനും ചിലർ ശ്രമിച്ചു. പത്രവാർത്തയിൽ മെക്കാനിക്കൽ എൻജിനീയർ എന്ന വാക്ക് കാണിച്ചു തരുന്നവർക്ക് 100 പാക്കറ്റ് മൈസൂർപാക്ക് സൗജന്യമായി നൽകുമെന്നായിരുന്നു ചിലരുടെ വാഗ്ദാനം.
Discussion about this post