കോഴിക്കോട്: എലത്തൂരിൽ തീവണ്ടി യാത്രികരെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കേരളത്തിന് പുറത്തേക്ക്. പ്രതി ഷഹറൂഖ് സെയ്ഫിയുടെ ബാഗിനുള്ളിലെ നോട്ട് പാഡിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നത്. ഡൽഹിയിലും , ഷാരൂഖ് ഫൈസിയുടെ ജന്മദേശമായ നോയിഡയിലുമാണ് അന്വേഷണം.
കൃത്യം നടത്തിയ ശേഷം ഷഹറൂഖ് സെയ്ഫി ഡൽഹി- ഉത്തർപ്രദേശ് അതിർത്തിയായ നോയിഡയിൽ എത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിനായി പോലീസ് സംഘം ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. രണ്ട് സിഐമാരടങ്ങുന്ന സംഘമാണ് ഡൽഹിയിലേക്ക് എത്തുന്നത്. തീവ്രവിരുദ്ധ സ്‌ക്വാഡും, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ഇവർക്കൊപ്പമുണ്ടാകും. നിലവിൽ എഡിജിപി എംആർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കേരള പോലീസിന് പുറമേ സമാന്തരമായി എൻഐഎയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും അന്വേഷണം നടത്തുന്നുണ്ട്.
യാത്രികർക്ക് മേൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ശേഷം ഇയാൾ കണ്ണൂരും ഇവിടെ നിന്ന് മംഗലാപുരത്തും എത്തിയതായി പോലീസിന് വ്യക്തമായിട്ടുണ്ട്. ഇതേ തുടർന്ന് കൂടിയാണ് പ്രതി സംസ്ഥാനം വിട്ടെന്ന നിഗമനത്തിൽ പോലീസ് എത്തിയത്.
Discussion about this post