ഇടുക്കി: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനോട് പ്രതികരിച്ച് എംഎം മണി. ഇനി പറമ്പിക്കുളത്തുള്ളവർ അനുഭവിക്കട്ടെയെന്ന് മണി പറഞ്ഞു. അരിക്കൊമ്പനെ കൊല്ലണമെന്ന് നമുക്ക് പറയാനാകില്ലല്ലോയെന്നും മണി കൂട്ടിച്ചേർത്തു.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ശുപാർശ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇതിന്റെ പേരിൽ പ്രകടനവും ആഹ്ലാദവും നടത്താൻ പാടില്ലെന്നുള്ള കോടതിയുടെ പരാമർശത്തോട് യോജിക്കാൻ കഴിയില്ല. അത് മൗലികാവകാശ ലംഘനമാണ്. അത് അംഗീകരിക്കാൻ കഴിയില്ല. അരിക്കൊമ്പൻ വിഷയത്തിൽ തുടർന്നിരുന്ന സമരം അവസാനിപ്പിക്കും. ഇനി പറമ്പിക്കുളത്തുള്ളവർ അനുഭവിക്കട്ടെയെന്നും മണി പ്രതികരിച്ചു.
പിടികൂടുകയോ മാറ്റിപ്പാർപ്പിക്കുകയോ അല്ലാതെ ഈ വിഷയം പരിഹരിക്കാൻ മറ്റ് മാർഗ്ഗമില്ല. ആനയെ കൊല്ലാൻ പറ്റുമോ. അങ്ങനെ പറയാൻ പറ്റുമോ. ഇവിടുത്തെ ശല്യത്തെ പറമ്പിക്കുളത്തേക്ക് മാറ്റുന്നു. അവിടം വലിയ വനമേഖലയാണ്. ഇഷ്ടം പോലെ മൃഗങ്ങളുണ്ടെന്നും മണി പ്രതികരിച്ചു.
ഹൈക്കോടതിയ്ക്ക് മുൻപാകെയാണ് വിദഗ്ധ സമിതി അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനുള്ള ശുപാർശ വച്ചത്. അവിടെ വെള്ളവും ഭക്ഷണവും സുലഭമാണെന്നും, അതിനാൽ ആനയ്ക്കവിടെ സുഖമായി കഴിയാമെന്നും കോടതിയെ അറിയിച്ചിരുന്നു. അതേസമയം ആനയെ മാറ്റുമ്പോഴുണ്ടാകാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കോടതി സമിതിയോട് ആരാഞ്ഞിരുന്നു.
Discussion about this post