ന്യൂഡൽഹി:കേരളത്തിൽ നിന്ന് അനിൽ ആന്റണിയെ കൂടാതെ കോൺഗ്രസിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നും ബിജെപിയിലേക്ക് ആളുകളെത്തുമെന്ന് ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ കൂടുതൽ സ്വീകാര്യനാകുന്നതിന്റെ പ്രതിഫലനമാണ് ഈ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ വികസന പ്രവർത്തനങ്ങളെ കേരളം മനസിലാക്കാനും സ്വീകരിക്കാനും തുടങ്ങിയെന്ന് കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ ഡിജിറ്റൽ ടീമിൽ സ്ഥാനം വഹിച്ചിരുന്ന നേതാവ് കൂടിയായ അനിൽ ആന്റണിയുടെ പാർട്ടി പ്രവേശനം വിമർശകർക്ക് ഉള്ള മറുപടിയെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരൻ വ്യക്തമാക്കിയത്.കഴിഞ്ഞ കാലങ്ങളിൽ രാജ്യത്തിന്റെ താല്പര്യത്തിനൊപ്പം നിലപാട് എടുത്ത വ്യക്തിയാണ് അനിൽ എന്ന് അദ്ദേഹം കൂടി ചേർത്തു.
ധർമ്മത്തെ രക്ഷിച്ചാൽ ധർമ്മം നമ്മെ കാത്ത് രക്ഷിക്കും’ എന്ന സംസ്‌കൃത ശ്ലോകം ഉദ്ധരിച്ചായിരുന്നു അനിൽ ആൻറണിയുടെ ബിജെപി പ്രവേശനം. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ഹിന്ദിയിലായിരുന്നു ആദ്യം അനിൽ ആന്റണി പ്രതികരിച്ചത്. പിന്നീട് ഇംഗ്ലീഷിലും തുടർന്ന് മലയാളത്തിലും അനിൽ ആന്റണി സംസാരിച്ചു.
പിതാവിനോടുള്ള സ്‌നേഹവും ബഹുമാനവും അതുപോലെ നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് വ്യക്തിത്വത്തെ കുറിച്ചുള്ള പ്രശ്‌നമല്ല. ആശയപരമായ വ്യത്യാസമാണ്.അച്ഛനോടുള്ള സ്‌നേഹത്തിലും ബഹുമാനത്തിനും ഒരു കുറവുമുണ്ടാവില്ല. അത് പഴയത് പോലെ തുടരുമെന്നും അനിൽ പറഞ്ഞു.
രാജ്യതാത്പര്യങ്ങളേക്കാൾ ഉപരി രണ്ട് മൂന്ന് വ്യക്തികളുടെ താത്പര്യങ്ങൾക്ക് ആണ് പരിഗണന നൽകുന്നത്. ബിബിസി വിഷയത്തിൽ ഞാൻ നിലപാടെടുത്തത് കോൺഗ്രസ് പാർട്ടിയുടെ നിലപാട് രാജ്യതാത്പര്യത്തിന് എതിരാണെന്ന് തോന്നിയത് കൊണ്ടാണ്. ഡോക്യുമെന്ററി സദുദ്ദേശത്തോടെ ഉള്ളതല്ലെന്ന് അനിൽ ആന്റണി കൂട്ടിച്ചേർത്തു.
Discussion about this post