പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ മുതലമട പഞ്ചായത്ത്. ആനയെ കൊണ്ടുവരുന്നതിനെതിരെ കോടതിയെ സമീപിക്കാനാണ് പഞ്ചായത്തിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്കും പ്രദേശവാസികൾ നിവേദനം നൽകും.
അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ മുതലമടയിൽ ഇന്ന് സർവ്വകക്ഷിയോഗം ചേർന്നിരുന്നു. ഇതിലാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. പറമ്പിക്കുളത്ത് ആനയെ എത്തിച്ചാൽ അത് പ്രദേശവാസികളുടെ ജീവിതം കൂടുതൽ ദുസ്സഹമാകും. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആനയെ എത്തിക്കുന്നത് തടയാൻ തീരുമാനിച്ചത്. അരിക്കൊമ്പനെ എത്തിക്കാനാണ് നീക്കമെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് ജനങ്ങളുടെ തീരുമാനം.
വനവാസി മേഖലയായ പറമ്പിക്കുളത്ത് 10 കോളനികളും, 611 കുടുംബങ്ങളുമാണ് ഉള്ളത്. ഈ കുടുംബങ്ങളിലായി മൂവായിരത്തിലധികം ആളുകളുമുണ്ട്. ഇടയ്ക്കിടെ പറമ്പിക്കുളത്ത് നിന്നും ജനവാസ മേഖലയിലേക്ക് ആന ഇറങ്ങാറുണ്ട്. ഇതേ തുടർന്ന് വലിയ ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങൾ. ഇതിനിടെയാണ് അരിക്കൊമ്പനെ ഇവിടേയ്ക്ക് മാറ്റാനുള്ള കോടതി ഉത്തരവ് ഉണ്ടാകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 27 കാട്ടാനകളാണ് ഇവിടുത്തെ ജനവാസ മേഖലയിൽ ഇറങ്ങിയത്. 40 ലക്ഷം രൂപയുടെ കൃഷിയും നശിപ്പിച്ചിരുന്നു.
Discussion about this post