ന്യൂഡൽഹി: കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് നീങ്ങുന്നു എന്നതിന്റെ വ്യക്തമായ സൂചനകൾ നൽകി പാർട്ടിയിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കേരളത്തിൽ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണിയും ആന്ധ്രാ പ്രദേശിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കിരൺ കുമാർ റെഡ്ഡിയും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ, മുതിർന്ന നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരൺജീത് സിംഗ് ചന്നിയും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
ക്യാപ്ടൻ അമരീന്ദർ സിംഗിന് ശേഷം കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിൽ എത്തുന്ന പ്രബലനായ പഞ്ചാബ് നേതാവാകാൻ ഒരുങ്ങുകയാണ് ചന്നി എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 2021 സെപ്റ്റംബർ 20 മുതൽ 2022 മാർച്ച് 16 വരെ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു ചരൺജീത് സിംഗ് ചന്നി.
2022ൽ കോൺഗ്രസിന് പഞ്ചാബിൽ അധികാരം നഷ്ടപ്പെട്ടതിന് ശേഷം പാർട്ടി വേദികളിലെ ചന്നിയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. ചന്നി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നു എന്ന വാർത്തകൾക്ക് പിന്നാലെ, തിരുവനന്തപുരം എം പി ശശി തരൂർ അദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു.
2023 ജനുവരിയിൽ മുൻ പഞ്ചാബ് ധനകാര്യ വകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മൻപ്രീത് സിംഗ് ബാദൽ ബിജെപിയിൽ ചേർന്നിരുന്നു. ഐക്യം നഷ്ടപ്പെട്ട് പരസ്പരം പോരടിക്കുന്ന ഒരു പാർട്ടിയിൽ തുടരുക എന്നത് അപഹാസ്യമാണ് എന്ന് പ്രഖ്യാപിച്ചായിരുന്നു ബാദൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.









Discussion about this post