മലപ്പുറം; മുസ്ലീം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് മുൻമന്ത്രി കെടി ജലീൽ. കോൺഗ്രസിനെതിരെ ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മുൻ മന്ത്രി മുസ്ലീം ലീഗിനെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ പോലെ മുസ്ലിംലീഗും ഇടതുമുന്നണിയുടെ ഭാഗമാകണം. അസ്ഥിപഞ്ജരമായ കേരളത്തിലെ കോൺഗ്രസ്സിനെ ആരോഗ്യവതിയാക്കാൻ ലീഗല്ല ആര് വിചാരിച്ചാലും കഴിയില്ല. മൃതദേഹത്തിൽ നിന്ന് പേനിറങ്ങുന്നത് പോലെയാണ് കോൺഗ്രസിൽ നിന്നുള്ള ആളുകളുടെ കുടിയിറക്കമെന്ന് കെ.ടി ജലീൽ വിമർശിച്ചു.
ഇതുവരെ കാര്യം നിസ്സാരമായി കണ്ടവർ യാഥാർത്ഥ്യം തിരിച്ചറിയണം. കോൺഗ്രസ്സിന്റെ കേരളത്തിലെ രാഷ്ട്രീയ അടിത്തറയാണ് തകരുന്നത്. ഒരേഒരാശ്വാസം ജനങ്ങൾക്ക് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരൊറ്റ നേതാവ് മലയാളക്കരയിൽ ബി.ജെ.പിക്കില്ല എന്നുള്ളതാണെന്ന് അദ്ദേഹം പറയുന്നു.
ചില തിരുമേനിമാരുടെ ബി.ജെ.പി പ്രേമം കോൺഗ്രസിന്റെ ആപ്പീസ് പൂട്ടിക്കും.വിരലിലെണ്ണാവുന്ന പുരോഹിതൻമാരുടെ ബി.ജെ.പി പ്രേമത്തെ തള്ളിപ്പറയാൻ യു.ഡി.എഫ് രാഷ്ട്രീയ നേതൃത്വം ഒരു നിമിഷം പോലും വൈകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, ബി.ജെ.പിയുടെ ആലയത്തിൽ സാധാരണ ഭക്തർ എത്തിപ്പെടുന്നതിന് മുമ്പ് രാഷ്ട്രീയ പ്രചരണം തുടങ്ങണം. ഫാഷിസ്റ്റ് വലയിൽ വീണാൽ അവരെ തിരിച്ചു പിടിക്കാൻ ഏറെ പ്രയാസപ്പെടേണ്ടിവരും.ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ പിന്നീട് ഖേദിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post