കോഴിക്കോട്: അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയ താമരശ്ശേരി സ്വദേശി ഷാഫിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. കരിപ്പൂർ വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഷാഫിയെ കണ്ടെത്താൻ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ടവർ ലൊക്കേഷൻ അവസാനമായി കാണിച്ചത് കരിപ്പൂരാണ്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോൺ കണ്ടെത്തിയത്.
വിമാനത്താവളത്തിന്റെ കവാടത്തിന് 200 മീറ്റർ അകലെയായുള്ള പെട്ടിക്കടയിലാണ് ഫോൺ ഉണ്ടായിരുന്നത്. ഷാഫിയുമായി കടക്കുന്നതിനിടെ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ മൊബൈൽ ഫോൺ മനപ്പൂർവ്വം ഇവിടെ ഉപേക്ഷിച്ചത് ആണെന്നാണ് സംശയിക്കുന്നത്. ഇതിനോടകം തന്നെ ഷാഫിയുമായി സംഘം ജില്ല കടന്നിരിക്കാമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നുണ്ട്. കരിപ്പൂരിൽ നിന്നും സംഘം ഏത് ഭാഗത്തേക്ക് നീങ്ങി എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേരെ ചോദ്യം ചെയ്തുവരികയാണ്. ഇവരിൽ നിന്നും കാര്യമായ വിവരങ്ങൾ ലഭിക്കാത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഷാഫിയെ കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇരുവരും വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ചയാണ് ഷാഫിയെയും ഭാര്യയെയും താമരശ്ശേരിയിലെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയത്. കുറച്ച് ദൂരം പിന്നിട്ടതിന് ശേഷം ഭാര്യയെ സംഘം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സ്വർണക്കടത്ത് സംഘമാണ് ഇവരെന്നാണ് പോലീസ് സംശയിക്കുന്നത്.
Discussion about this post