എറണാകുളം: കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നടൻ ബാല. ഭാര്യ എലിസബത്തിനൊപ്പമുള്ള സെൽഫിയാണ് നടൻ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ ഒരു മാസമായി ബാല കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ ദിവസമാണ് നടൻ തന്റെ ചിത്രം പങ്കുവച്ചത്. ഇതിന് മുകളിലായി എല്ലാവർക്കും ഈസ്റ്റർ ആശംസയും കുറിച്ചിട്ടുണ്ട്. ചിരിച്ച മുഖത്തോടെയുള്ള ചിത്രമാണ് താരം പങ്കുവച്ചത്. താൻ ആരോഗ്യവാനും സന്തോഷവാനുമാണെന്നുള്ള സന്ദേശമാണ് അദ്ദേഹം ചിത്രത്തിലൂടെ തന്റെ ആരാധകർക്ക് നൽകുന്നത്.
കരൾ രോഗത്തെ തുടർന്ന് മാർച്ച് ആദ്യവാരമാണ് ബാല ആശുപത്രിയിൽ ചികിത്സ തേടിയത്. കരൾ മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലെന്ന് ആയിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. ഇതേ തുടർന്നാണ് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. രണ്ട് ആഴ്ച മുൻപായിരുന്നു ശസ്ത്രക്രിയ. ഇത് കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നത്.
നിലവിൽ അദ്ദേഹം ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് കഴിയുന്നത്. ഈ മാസം കൂടി കഴിഞ്ഞ ശേഷമാകും അദ്ദേഹം ആശുപത്രി വിടുക.
Discussion about this post