മലപ്പുറം: കോട്ടക്കൽ കോട്ടപ്പടി വെങ്കിട്ടതേവർ ക്ഷേത്രത്തിലെ ആർ എസ് എസ് ശാഖക്ക് നിരോധനം ഏർപ്പെടുത്തിയ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ഫെബ്രുവരി ആറാം തീയതിയാണ് കോട്ടക്കൽ ശ്രീ വെങ്കിട്ട തേവർ ശിവ ക്ഷേത്രത്തിലേക്ക് ഒരു കൂട്ടം ഡി വൈ എഫ് ഐ പ്രവർത്തകർ ഇടിച്ചു കയറി ആർ എസ് എസ് ശാഖ തടയാൻ ശ്രമിച്ചത്. എന്നാൽ ഡി വൈ എഫ് ഐ പ്രവർത്തകരുടെ പ്രകോപനങ്ങളെ അതിജീവിച്ചും ശാഖ കൃത്യമായി നടന്നു.
മാത്രമല്ല, അടുത്ത ദിവസം ഇരുന്നൂറിലധികം വരുന്ന ആബാലവൃദ്ധം സ്വയംസേവകർ ശാഖയിൽ പങ്കെടുത്തത് ഡി വൈ എഫ് ഐക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതിനെ തുടർന്ന് ഡി വൈ എഫ് ഐ, ആർഎസ്എസ് ശാഖ തടയാൻ സർക്കാർ സംവിധാനത്തെ ദുരുപയോഗം ചെയ്തു. ശാഖ നടക്കുന്ന വൈകിട്ട് 5.30 മുതൽ 7.30 വരെ സിആർപിസി സെക്ഷൻ 144 പ്രകാരം മതപരമല്ലാത്ത ചടങ്ങുകൾ ക്ഷേത്രമുറ്റത്ത് വിലക്കിക്കൊണ്ട് സബ് കളക്ടറുടെ ഉത്തരവ് വൈകാതെ പുറത്തിറങ്ങി.
പിന്നാലെ, ഫെബ്രുവരി 18ആം തീയതി സഖാക്കളുടെ ആവശ്യപ്രകാരം ക്ഷേത്രത്തിൽ ശാഖ നടത്തുന്നത് തടഞ്ഞ് കൊണ്ട് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവും പുറത്തിറങ്ങി. ഇതിനെതിരെ, ക്ഷേത്രം ഭാരവാഹികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ശാഖ പ്രവർത്തനം 1988ലെ മതസ്ഥാപന ദുരുപയോഗ നിരോധന നിയമ പ്രകാരം നിരോധിക്കാനാവില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി, നിരോധനം നീക്കുകയായിരുന്നു.
Discussion about this post