തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ ഓൺലൈൻ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ തോന്നിയ പോലെ സർവീസ് ചാർജ്ജ് ഈടാക്കുന്നതായി പരാതി. വെള്ളക്കരം കുത്തനെ കൂട്ടിയതിന് പിന്നാലെ അക്ഷയ കേന്ദ്രങ്ങളുടെ ഈ പകൽക്കൊള്ള കൂടി താങ്ങാനാവാതെ നെട്ടോട്ടത്തിലാണ് ജനം. ഓൺലൈൻ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ 100 രൂപ മുതൽ 350 രൂപ വരെ ഫീസ് ഈടാക്കുന്നു എന്നാണ് പരാതി.
പൊതുജനങ്ങളിൽ നിന്നും ഇക്കാര്യത്തിൽ വ്യാപകമായി പരാതികൾ ഉയർന്നതോടെ, അക്ഷയ കേന്ദ്രങ്ങളുടെ സർവീസ് ചാർജുകൾ ഏകീകരിച്ച് പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി എം ഡി അക്ഷയ ഡയറക്ടർക്ക് കത്തയച്ചു.
വാട്ടർ അതോറിറ്റിയുടെ ഓൺലൈൻ സംവിധാനം വഴി ബിൽ അടയ്ക്കുന്നവർക്ക് ഒരു രൂപ മുതൽ 100 രൂപ വരെ ഇൻസെന്റീവ് നൽകുന്നുണ്ട്. ഈ തുകയും അക്ഷയ കേന്ദ്രങ്ങൾ ഉപഭോക്താക്കളിൽ നിന്നും തട്ടിയെടുക്കുന്നതായും പരാതികൾ വ്യാപകമാണ്. മീറ്റർ മാറ്റി വെക്കുന്നതിന് വാട്ടർ അതോറിറ്റി 10 രൂപ ഫീസ് ഈടാക്കുമ്പോൾ, അക്ഷയ കേന്ദ്രങ്ങൾ ഇതിനായി 100 രൂപ സർവീസ് ചാർജ് ഈടാക്കുന്നതായും ആക്ഷേപമുണ്ട്.
Discussion about this post