കോഴിക്കോട്: താമരശ്ശേരി സ്വദേശിയായ പ്രവാസി ഷാഫിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കൂടുതൽ പേർ കസ്റ്റഡിയിൽ. മൂന്ന് പേരെ കൂടിയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലാകുന്നവരുടെ എണ്ണം അഞ്ചായി.
കാസർകോട് നിന്നാണ് ഇവരെ പിടികൂടിയത്. ഷാഫിയെ കാണാതാകുന്നതിന് ദിവസങ്ങൾ മുൻപ് പരപ്പൻ പൊയിൻ താമരശ്ശേരി ഭാഗങ്ങളിൽ ഇവർ കാറിൽ എത്തി നിരീക്ഷണം നടത്തിയതായി സിസിടിവി ക്യാമറ പരിശോധിച്ചതിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഇതിന് പിന്നാലെ പോലീസ് വാഹനം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇവർക്ക് വാഹനം വാടകയ്ക്ക് എടുത്ത് നൽകിയ യുവാവിനെ പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളിൽ നിന്നാണ് കസ്റ്റഡിയിലായ മൂന്ന് പേരെക്കുറിച്ചും വിവരം ലഭിച്ചത്.
പിടിയിലായവരിൽ നിന്നും ഷാഫിയുടെ തിരോധാനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. സ്വർണക്കടത്ത് സംഘമാണ് ഷാഫിയെ തട്ടിക്കൊണ്ട് പോയതെന്ന നിഗമനത്തിലാണ് പോലീസ്. ഇവരുടെ 350 കിലോ ഗ്രാം സ്വർണം ഷാഫിയും സഹോദരനും ചേർന്ന് തട്ടിയെടുത്തിരുന്നു.
ഇതിനിടെ സഹോദരൻ നൗഫലിനെക്കുറിച്ച് വെളിപ്പെടുത്തലുമായി ഷാഫിയുടെ മറ്റൊരു വീഡിയോ പുറത്തുവന്നിരുന്നു. തന്റെ സ്വത്തുക്കൾ തട്ടാൻ നൗഫൽ ശ്രമിക്കുന്നുവെന്നും, ചതിച്ചെന്നുമായിരുന്നു ഷാഫി പറഞ്ഞത്. വീഡിയോയുടെ ഉറവിടം സംബന്ധിച്ച് ഊർജ്ജിത അന്വേഷണം തുടരുകയാണ്.
Discussion about this post