ഇടുക്കി: ചിന്നക്കനാൽ-ശാന്തൻപാറ മേഖലയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പന് വേണ്ടിയുള്ള റേഡിയോ കോളർ നാളെ എത്തും. അസമിൽ നിന്നുമാണ് ആനയെ ധരിപ്പിക്കുന്നതിനുള്ള കോളർ കൊണ്ടുവരുന്നത്. ആനയെ മറ്റൊരിടത്ത് കൊണ്ടുപോയി വിടുന്ന സാഹചര്യത്തിൽ സഞ്ചാര ദിശ വ്യക്തമാകുന്നതിന് വേണ്ടിയാണ് റേഡിയോ കോളർ ധരിപ്പിക്കുന്നത്.
അസമിൽ നിന്നും വിമാനമാർഗ്ഗമാണ് റേഡിയോ കോളർ കൊണ്ടുവരുന്നത്. കോയമ്പത്തൂരിൽ എത്തിക്കുന്ന റേഡിയോ കോളർ വനംവകുപ്പ് ഉദ്യോഗസ്ഥർ അവിടെയെത്തി കൈപ്പറ്റും. തുടർന്ന് റോഡ്മാർഗ്ഗം ഇത് ഇടുക്കിയിൽ എത്തിക്കും. നേരത്തെ മിഷൻ അരിക്കൊമ്പന് വേണ്ടി ഇടുക്കിയിലേക്ക് ജിഎം കോളർ എത്തിച്ചിരുന്നു. എന്നാൽ ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഉത്തരവ് വന്നതോടെ ജിപിഎസ് കോളർ ഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം ആനയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട നിയമ പോരാട്ടം തുടരുകയാണ്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തിങ്കളാഴ്ച സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. നിലവിൽ ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ വലിയ പ്രതിഷേധവും എതിർപ്പുമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ ആനയെ കോടനാട്ടേക്ക് മാറ്റണമെന്നാണ് സർക്കാർ ആവശ്യം.
Discussion about this post