മലപ്പുറം : മലപ്പുറത്ത് വൻ ലഹരിവേട്ട. നിലമ്പൂർ വഴിക്കടവ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൂവായിരം കിലോ നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി. പാലക്കാട് ജില്ലക്കാരായ കുലുക്കല്ലൂർ ചുണ്ടമ്പറ്റ അറക്കവീട്ടിൽ അബ്ദുൽ ഷഫീഖ് (35), വല്ലപ്പുഴ മുളയംകാവ് മണ്ണാടം കുന്നത്ത് വീട്ടിൽ അബ്ദുൽ റഹിമാൻ (35) എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.
ലോറിയിൽ ബിസ്‌ക്കറ്റിനും മിഠായികൾക്കും ഇടയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഹാൻസ്. ലോറിയിൽ പുറം ഭാഗത്ത് പരിശോധനയിൽ കാണുന്ന ഭാഗങ്ങളിലെല്ലാം ബിസ്‌ക്കറ്റ് പാക്കെറ്റുകൾ അടുക്കി വെച്ചിരിക്കുകയായിരുന്നു. രാത്രി ഒരു മണിയോടെ ചെക്ക് പോസ്റ്റ് കടത്താനുള്ള ശ്രമമാണ് എക്‌സൈസ് പൊളിച്ചത്. ഇവരുടെ കയ്യിൽ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1,29,000 രൂപയും പിടിച്ചെടുത്തു.
Discussion about this post