കോഴിക്കോട്: എലത്തൂർ ട്രെയിൻ തീ വയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി തീവ്ര മതമൗലികവാദിയാണെന്ന് എഡിജിപി എം.ആർ.അജിത്കുമാർ. ഷാരൂഖ് ആണ് കുറ്റകൃത്യം നടത്തിയതെന്ന് തെളിഞ്ഞു. വിദ്വേഷപ്രസംഗകനായ സാക്കിർ നായിക്ക്, ഇസ്രാ അഹമ്മദ് അടക്കമുള്ളവരുടെ പ്രസംഗങ്ങൾ നിരന്തരമായി കാണുന്നയാളാണ് പ്രതി. ഇയാൾക്ക് പരസഹായം ലഭിച്ചിട്ടുണ്ടോ എന്നതിൽ അന്വേഷണം തുടരുകയാണ്. പ്ലസ്ടു വരെ മാത്രം പഠിച്ചിട്ടുള്ള ഇയാൾക്ക് 27 വയസ്സാണ് പ്രായം. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഷാരൂഖിനെതിരെ യുഎപിഎ ചുമത്തിയത്.
ആക്രമണം ആസൂത്രണം ചെയ്ത് തന്നെയാണ് ഇയാൾ കേരളത്തിലേക്ക് എത്തിയത്. ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിൽ എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ചെറിയ കാലയളവേ ആയിട്ടുള്ളു. ഈ സമയത്തിനുള്ളിൽ കുറ്റകൃത്യത്തെ കുറിച്ചുള്ള പരമാവധി തെളിവുകൾ ശേഖരിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളിലും കൂടുതലും അന്വേഷണം നടത്തേണ്ടതുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിലാണ് കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയത്.
വളരെ വിശദമായി അന്വേഷിക്കേണ്ട കേസാണിത്. പ്രതിക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും എഡിജിപി വ്യക്തമാക്കി. അതേസമയം ഷാരൂഖിന് പ്രാദേശിക സഹായം ലഭിച്ചെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഷൊർണൂരിൽ നാല് പേരെ പോലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൃത്യം നടന്ന ദിവസം ഷാരൂഖ് ഉപയോഗിച്ച മൊബൈൽ കണ്ടെത്തിയിട്ടുണ്ട്. ചെർപ്പുളശ്ശേരിയിലെ കടയിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്
Discussion about this post