മലപ്പുറം; കല്യാണപന്തലിൽ നിന്ന് എപ്പോഴാണ് ലിംഗവിവേചനം ഒഴിഞ്ഞു പോവുകയെന്ന് നടൻ
ഷുക്കൂർ വക്കീൽ. കണ്ണൂരിലെ കല്യാണങ്ങളിൽ മുസ്ലീം സ്ത്രീകൾ വീടിന്റെ അടുക്കള ഭാഗത്താണ് ഭക്ഷണം കഴിക്കുകയെന്ന നടി നിഖില വിമലിന്റെ അഭിപ്രായം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നിഖിലയുടെ അഭിപ്രായത്തോട് യോജിച്ച് ഇട്ട പോസ്റ്റിലാണ് ഷുക്കൂർ വക്കീൽ ഇക്കാര്യം ചോദിച്ചത്.
സ്വത്ത് അവകാശങ്ങളിൽ ഉള്ളതു പോലെ മുസ്ലിം സ്ത്രീകൾക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂവെന്ന് ഷുക്കൂർ വക്കീൽ ചോദിച്ചു. മുസ്ലിങ്ങൾ അല്ലാത്ത സ്ത്രീകൾ വിവാഹത്തിൽ പങ്കെടുക്കാൻ മുൻ വഴി തന്നെ പ്രവേശിക്കാറുണ്ടെന്നും പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളിൽ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ വിവാഹ ആൽബങ്ങൾ പരിശോധിച്ചാൽ കാണാമെന്നും ഷുക്കൂർ വക്കീൽ ചൂണ്ടിക്കാട്ടി. ഇതിന് ശേഷമാണ് കല്യാണ പന്തലിൽ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചത്.
മുസ്ലീം മതനിയമപ്രകാരം പെൺകുട്ടികൾക്ക് പിതൃസ്വത്തിന് പൂർണമായി അവകാശമില്ലെന്ന പരിമിതി മറികടക്കാൻ അടുത്തിടെ ഷുക്കൂർ വക്കീലും ഭാര്യയും സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായത് വലിയ വാർത്തയായിരുന്നു. തന്റെ സ്വത്തുക്കൾ പെൺമക്കൾക്ക് ലഭിക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. ഇതിന്റെ പേരിൽ തീവ്ര മതനിലപാടുകൾ പുലർത്തുന്നവരിൽ നിന്ന് വലിയ വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു.
പുതിയ ചിത്രമായ അയൽവാശിയുടെ പ്രമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിഖില വിമൽ സ്വന്തം നാടായ കണ്ണൂരിലെ മുസ്ലീം കല്യാണങ്ങളെക്കുറിച്ച് പറഞ്ഞത്. നിഖിലയ്‌ക്കെതിരെയും സൈബർ ആക്രമണം നടന്നിരുന്നു. അടുക്കള ഭാഗത്ത് സ്ത്രീകൾക്ക് ഭക്ഷണം കഴിക്കാനായി പ്രത്യേക സ്ഥലമുണ്ടെന്നും ഇന്നും ഈ സ്ഥിതിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ആയിരുന്നു നിഖിലയുടെ പ്രതികരണം.
Discussion about this post