കണ്ണൂർ:മകനെ ജാമ്യത്തിലെടുക്കാനെത്തിയ മാതാവിനോട് അപമര്യാദയായി പെരുമാറിയ ധർമ്മടം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയ സിഐ സ്മിതേഷിനെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് കസ്റ്റഡിയിലെടുത്തയാളുടെ സഹോദരനും അമ്മയ്ക്കും നേരേ മദ്യാസക്തിയിൽ അതിക്രമം കാണിച്ച സിഐയ്ക്കെതിരായ ശിക്ഷ സസ്പെൻഷനിലൊതുക്കി രക്ഷിക്കാനുളള ശ്രമമാണ് ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നും നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ശിക്ഷ സസ്പെൻഷനിൽ ഒതുക്കാതെ സർവ്വീസിൽ നിന്നും പുറത്താക്കാൻ ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി തയ്യാറാവണം. ജനങ്ങൾക്ക് നീതിയും സമാധാനവും ഉറപ്പ് വരുത്തേണ്ട പോലീസ് സേനാംഗങ്ങൾ തന്നെ വനിതകളോട് പോലും ഇത്തരം നികൃഷ്ടമായ രീതിയിൽ പെരുമാറുന്നത് ഒരിക്കലും വെച്ച് പൊറുപ്പിക്കാൻ പാടില്ലാത്തതാണ്. സിപിഎം ഭരണത്തിൽ ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം കുറ്റുപ്പെടുത്തി.
പാർട്ടിക്കാരായ ക്രിമിനൽ പോലീസുകാർ സേനയെ നിയന്ത്രിക്കുന്ന സ്ഥിതിയാണ്. ആഭ്യന്തര വകുപ്പിനെ നയിക്കുന്ന മുഖ്യമന്ത്രിക്കോ സേനാ മേധാവിക്കോ പോലീസിനുമേൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുളളത്. പിണറായി ഭരണത്തിൽ പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്താൻ പോലും ജനങ്ങൾ ഭയപ്പെടുന്ന സാഹചര്യം സംജാതമായിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
ജനമൈത്രി പോലീസെന്നും മറ്റും പേരു നൽകി കൊട്ടിഘോഷിക്കുകയും എന്നാൽ മൈത്രിയും കരുണയും ലവലേശം തൊട്ടുതീണ്ടാത്ത സ്ഥാപനങ്ങളായി പോലീസ് സ്റ്റേഷനുകൾ മാറിയിരിക്കുകയാണെന്നതിന് തെളിവാണ് ധർമ്മടം പോലീസ് സ്റ്റേഷനിൽ സിഐയുടെ നേതൃത്വത്തിൽ ജാമ്യത്തിലെടുക്കാനെത്തിയ മാതാവിന് നേരെ നടന്ന അഴിഞ്ഞാട്ടം. സിഐയെ എന്നന്നേക്കുമായി സർവ്വീസിൽ നിന്നും പുറത്താക്കിയില്ലെങ്കിൽ ബിജെപി ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post