കൊച്ചി: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ പദവി ഒഴിയുന്ന ഡി വൈ എഫ് ഐ നേതാവ് ചിന്താ ജെറോമിനെ ട്രോളി യാത്രയാക്കി അഡ്വക്കേറ്റ് ജയശങ്കർ. ചിന്താ ജറോം ഉദ്യോഗ കാലാവധി പൂർത്തീകരിച്ചു പടിയിറങ്ങുന്നതോടെ സംസ്ഥാന യുവജന കമ്മീഷൻ അക്ഷരാർത്ഥത്തിൽ ചിന്താശൂന്യമാകുന്നുവെന്ന് ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
വൈലോപ്പിള്ളിയുടെ വാഴക്കുല ഇനി വളളത്തോളിൻ്റെ വളപ്പിൽ; കീരവാണിയുടെ സംഗീതം തങ്കശേരി റിസോർട്ടിലും എന്ന പരിഹാസത്തോടെയാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
യുവജന കമ്മീഷൻ അദ്ധ്യക്ഷ പദവിയിലെത്തുന്നതിന് മുൻപും ശേഷവും ചിന്തയുടെ പ്രസംഗങ്ങളും നിരീക്ഷണങ്ങളും വലിയ തോതിൽ പരിഹാസത്തിന് കാരണമായിട്ടുണ്ട്. ചെഗുവേര ക്യൂബക്കാരനായിരുന്നു എന്ന പ്രസംഗം, ജിമിക്കി കമ്മൽ വിവാദ പ്രസംഗം, വാഴക്കുല വിവാദം, കോപ്പിയടി വിവാദം, ശമ്പള വർദ്ധനവ് വിവാദം, റിസോർട്ട് വിവാദം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിവാദങ്ങളിൽ ചിന്ത സ്വയം ചെന്നുപെട്ടിരുന്നു.
യുവജന കമ്മീഷൻ അദ്ധ്യക്ഷ പദവി ഒഴിയുന്ന ചിന്താ ജെറോമിനെ സിപിഎം കൊല്ലം ലോക്സഭാ സീറ്റിൽ സ്ഥാനാർത്ഥിയാക്കും എന്ന തരത്തിലും വാർത്തകൾ പുറത്തുവരുന്നുണ്ട്. വി ശിവൻകുട്ടിയെ വിദ്യാഭ്യാസ മന്ത്രി ആക്കാമെങ്കിൽ സിപിഎമ്മിന് തീർച്ചയായും ചിന്തയെ ലോക്സഭാ സ്ഥാനാർത്ഥി ആക്കാം എന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയരുന്ന പരിഹാസം. ചിന്തയെ പുഷ്പം പോലെ ജയിപ്പിച്ച് മലയാളി ഒരിക്കൽ കൂടി രാഷ്ട്രീയ പ്രബുദ്ധത തെളിയിക്കുമെന്നും ട്രോളന്മാർ കുറിക്കുന്നു.
Discussion about this post