2019 ഫെബ്രുവരി 14ന് പുൽവാമയിലെ ജമ്മു-ശ്രീനഗർ നാഷണൽ ഹൈവേയിൽ 40 സി.ആർ.പി.എഫ് സൈനികരുടെ വീരമൃത്യുവിന് ഹേതുവായ തീവ്രവാദ സ്ഫോടനം വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. നാല് വർഷം മുൻപ് നടന്ന ഭീകരാക്രമണത്തിൽ ഇപ്പോഴും ആവർത്തിക്കപ്പെടുന്ന-ഉയർന്നുവരുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കുകയാണ്. ആദ്യമായി ശ്രീ. ശശി തരൂർ ഇതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ച ചില സംശയങ്ങൾക്ക് മറുപടിയായി തന്നെ തുടങ്ങാം. അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന മൂന്ന് പ്രധാന പുൽവാമ സംശയങ്ങൾക്കുള്ള മറുപടി ഇങ്ങനെയാണ്.
____________________
1. സിആർപിഎഫ് തങ്ങളുടെ ഉദ്യോഗസ്ഥരെ എയർ ലിഫ്റ്റ് ചെയ്യാൻ വിമാനം ആവശ്യപ്പെട്ടു; ഇത് ആഭ്യന്തര മന്ത്രാലയം നിരസിച്ചു.
ഉത്തരം :- കാശ്മീരിൽ നിന്ന് ശ്രീനഗറിലെ സി.ആർ.പി.എഫ് കേന്ദ്രങ്ങളിലേക്ക് പുറപ്പെട്ട കോൺവോയ് സംഘമാണ് ആക്രമിക്കപ്പെട്ടത്. ജമ്മുവിൽ നിന്ന് പുലർച്ചെ 03:30ന് പുറപ്പെട്ട 2547 ഓളം CRPF സൈനികർ അടങ്ങിയ 78 വാഹനങ്ങളുടെ കോൺവോയ് സംഘം ഏകദേശം 12 മണിക്കൂറോളം സഞ്ചരിച്ച് കശ്മീരിലെ ‘ലെത്ത്പോറയിൽ’ ഉച്ചതിരിഞ്ഞ് 03:15ന് എത്തിയപ്പോഴായിരുന്നു ആക്രമണം അരങ്ങേറിയത്. ലെത്ത്പോറ ശ്രീനഗർ എയർപോർട്ടിൽ നിന്ന് ഏകദേശം 20 Km മാത്രം അകലെയാണ്. ഒരുവേള ജമ്മുവിൽനിന്ന് വിമാനത്തിലായിരുന്നു സൈനികർ ശ്രീനഗർ എയർപോർട്ടിൽ എത്തിയിരുന്നതെങ്കിൽ, 110 ബറ്റാലിയൻ CRPF ഹെഡ്ക്വാർട്ടേഴ്‌സ് അടക്കമുള്ളവയിലേക്ക് ഇതേ റോഡ് മാർഗം തന്നെ അവർക്ക് പോകേണ്ടതുണ്ട്. അങ്ങനെയാണെങ്കിലും ഈ ആക്രമണം ഭീകരർക്ക് നടത്താവുന്നതാണ്. കാശ്മീരിലേക്ക് എയർ-റോഡ് എന്നീ രണ്ടു മാർഗങ്ങളിലൂടെയും ജമ്മുവിൽ നിന്ന് എത്തുന്ന സൈനികരെ ഭീകരർ ലക്ഷ്യം വച്ചിരുന്നുവെന്നാണ് ഇതിനാൽ അനുമാനിക്കേണ്ടത്. നേരെ മറിച്ച് ജമ്മുവിൽ വച്ചാണ് ഇത് സംഭവിച്ചതെങ്കിൽ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങളിൽ കഴമ്പുണ്ട്. അതുകൊണ്ട് ഒരുപക്ഷെ സൈനികർ വിമാന മാർഗ്ഗം വന്നിരുന്നെങ്കിൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുമായിരുന്നു എന്ന വാദം തികച്ചും തെറ്റാണ്.
അതുപോലെ വിമാനം അനുവദിക്കാതിരുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്, ശ്രീനഗറിൽ 2019 ഫെബ്രുവരി ആദ്യവാരം മുതൽ അതിതീവ്രമായ മഞ്ഞു വീഴ്ചയെ തുടർന്ന് ആയിരക്കണക്കിന് ജനങ്ങൾ നിരവധി സ്ഥലങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്നു. GATE എക്സാം എഴുതാൻ വന്നെത്തിയ നൂറ് കണക്കിന് വിദ്യാർഥികളടക്കം ശ്രീനഗറിലെ എക്സാം സെന്ററിലും സമീപ പ്രദേശത്തുമായി കുടുങ്ങിയിരുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ ഇവരെയെല്ലാം രക്ഷിക്കാൻ C-17 ഗ്ലോബ്മാസ്റ്റർ അടക്കമുള്ള വിമാനങ്ങൾ വിന്യസിച്ചിരുന്നു. 319 വിദ്യാർഥികൾ ഉൾപ്പെടെ 538 പേരെ ജമ്മുവിൽ നിന്നും കാശ്മീരിൽ നിന്നും എയർലിഫ്റ്റ് ചെയ്ത വാർത്തകൾ ഉൾപ്പെടെ അന്നത്തെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന രക്ഷാദൗത്യ കർമ്മങ്ങൾ ഒരു സിമ്പിൾ ഗൂഗിൾ സെർച്ചിലൂടെ കണ്ടെത്താം. ഈ ബൃഹത്തായ രക്ഷാദൗത്യ കർമ്മങ്ങളും വിമാനങ്ങൾ അനുവദിക്കാതിരുന്നതിന് കാരണമായി.
____________________
2. തിരഞ്ഞെടുത്ത പാത സുരക്ഷിതമാക്കിയിട്ടില്ല. വാഹനവ്യൂഹത്തെ ആക്രമിക്കാൻ സാധ്യതയുള്ള 8-10 ലിങ്ക് റോഡുകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല.
ഉത്തരം :- തികച്ചും തെറ്റുതന്നെയാണ് ഈ വാദവും. ബോംബ് സ്ഫോടനത്തിൽ തകർന്ന ബസ്സിൽ 39 CRPF സൈനികരാണ് ഉണ്ടായിരുന്നത്. മരിച്ച 40-ആമത്തെ സൈനികൻ CRPFന്റെ ROP ‘റോഡ് ഓപ്പണിങ് പാർട്ടി’ കമാൻഡറായി പാതയോരത്ത് നിന്നിരുന്ന സുരക്ഷ ഉദ്യോഗസ്ഥനായിരുന്നു. CRPF സൈനികരുടെ കോൺവോയ് യാത്രയിൽ വാഹനങ്ങൾക്ക് സുരക്ഷയൊരുക്കി പാതയോരങ്ങളിൽ വിന്യസിക്കപ്പെടുന്നവരാണ് ROP സൈനികർ. ഉത്തരാഖണ്ഡുകാരനായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മോഹൻ ലാൽ ആയിരുന്നു അന്നവിടെ മൈൽസ്റ്റോൺ നമ്പർ 272ൽ നിലയുറപ്പിച്ചിരുന്നത്. ബസ്സിന് നേരെ മാരുതി ഇക്കോ കാർ ഓടിച്ചു കയറ്റുന്നത് കണ്ട അദ്ദേഹം അതിനെ തടുക്കാൻ ശ്രമിക്കുകയും, കാർ നിർത്താതെ മുന്നോട്ട് കുതിച്ചപ്പോൾ അതിനെ പിന്തുടർന്ന് നിറയൊഴിക്കുകയും ചെയ്തു. എന്നാൽ സൂയിസൈഡ് ബോംബർ ലക്‌ഷ്യം കാണുകയും ബോംബ് പൊട്ടിത്തെറിക്കുകയും ചെയ്തു. പിന്തുടർന്ന് കാറിനടുത്ത് എത്തിയതിനാൽ അദ്ദേഹവും സ്ഫോടനത്തിൽ വീരമൃത്യു അടയുകയായിരുന്നു. അദ്ദേഹത്തിന്റെ ഈ വീരകൃത്യത്തിന് പ്രസിഡന്റിന്റെ മരണാന്തര ഗാലന്ററി മെഡൽ ലഭിക്കുകയുണ്ടായി. ഇങ്ങനെയുള്ള പരമാർത്ഥങ്ങൾ നിലവിലിരിക്കെ റോഡിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല എന്ന വാദവും തികച്ചും തെറ്റിദ്ധാരണ ജനകമാണ്.
____________________
3. പാക്കിസ്ഥാനിൽ നിന്നുള്ള 300 കിലോഗ്രാം ആർഡിഎക്‌സ് വഹിച്ച കാർ ജമ്മു കശ്മീറിലേക്ക് പ്രവേശിക്കുകയും പത്ത് ദിവസങ്ങളോളം തടസ്സമില്ലാതെ കറങ്ങുകയും ചെയ്തു. കഴിവില്ലായ്മയോ അശ്രദ്ധയോ?
ഉത്തരം :- നിരവധി കമന്റ് ബോക്സ് പോരാളികൾ ഇപ്പോഴും ആവർത്തിക്കുന്ന പ്രൊപ്പഗാണ്ടയാണ് ഇക്കാര്യം. യഥാർത്ഥത്തിൽ 40 to 50 കിലോ ആർഡിഎക്സ് ആണ് സ്ഫോടനത്തിനായി പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തി കൊണ്ടുവന്നത്. ജെയ്ഷ്-ഇ-മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിന്റെ അനന്തരവനായ ‘മുഹമ്മദ് ഉമർ ഫാറൂഖിന്റെ’ നേതൃത്വത്തിൽ 4 പേർ നിരവധി ആയുധങ്ങളോടൊപ്പം 10 കിലോ വീതം ആർഡിഎക്സ് 2018 ഏപ്രിലിൽ ഇന്ത്യയിലേക്ക് കടത്തികൊണ്ടുവരികയായിരുന്നു എന്നാണ് NIA അന്വേഷണ റിപ്പോർട്ട്. സ്ഫോടനം നടത്താൻ ഉപയോഗിച്ച മാരുതി ഇക്കോ വാഹനം കാശ്മീരിൽ നിന്ന് തന്നെ വാങ്ങിയതാണ് അല്ലാതെ പാകിസ്ഥാനിൽ നിന്ന് ഓടിച്ച് കൊണ്ടുവന്നതല്ല. തുടർന്ന് കാശ്മീരിൽ നിന്ന് തന്നെ ലോക്കലായി സംഘടിപ്പിച്ച കാൽസ്യം അമോണിയം നൈട്രേറ്റ്, അലൂമിനിയം പൗഡർ, ജെലാറ്റിൻ സ്റ്റിക് എന്നിവ ചേർത്ത് 160 കിലോ & 40 കിലോ വീതമുള്ള, മൊത്തം 200 കിലോ വരുന്ന രണ്ട് IED ബോംബുകൾ (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസിവ് ഡിവൈസ്) നിർമിക്കുകയാണ് ചെയ്തിരിക്കുന്നത്. സാദാരണയായി IED ബോംബിന്റെ ഭാരത്തിൽ അഞ്ചിൽ ഒന്നായിരിക്കും അതിൽ അടങ്ങിയിരിക്കുന്ന ആർഡിഎക്സിന്റെ അളവ്. അതാണ് 40 to 50 Kg ആർഡിഎക്സാണ് സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നത് എന്ന അനുമാനത്തിൽ ഫോറൻസിക് വിദഗ്ദർ എത്താനുള്ള കാരണം. 300 കിലോ ആർഡിഎക്സ് എന്ന കണക്ക് അതിന്റെ സ്ഫോടന ശക്തി അറിയാത്ത കമന്റ് തൊഴിലാളികൾ ഇനിയെങ്കിലും ഒഴിവാക്കാൻ അപേക്ഷിക്കുന്നു.
2019 ഫെബ്രുവരി ആദ്യവാരത്തിലാണ് മറ്റൊരു പ്രതിയായ ഷാക്കിർ ബഷീറിന്റെ വീട്ടിൽ വച്ച് കാറിൽ IED ബോംബ് ഘടിപ്പിച്ചത്. ഫെബ്രുവരി രണ്ടാം വാരം തുടക്കം മുതൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കാശ്മീരിൽ വാഹന ഗതാഗതം നിരോധിച്ചതിനാൽ കാർ പുറത്തിറക്കിയില്ല. ഫെബ്രുവരി 14-ന് ഗതാഗതം പുനഃസ്ഥാപിച്ചപ്പോൾ ഷാക്കിർ ബഷീറാണ് സൂയിസൈഡ് ബോംബറും പുൽവാമ സ്വദേശിയുമായ ആദിൽ അഹമ്മദ് ദാറിനെ ലക്ഷ്യ സ്ഥാനത്തിന് അടുത്തേക്ക് എത്തിച്ചത്. തുടർന്ന് ആദിൽ ദാർ വാഹനം ഏറ്റെടുക്കുകയായിരുന്നു. മഞ്ഞുവീഴ്ച്ച മൂലം കശ്മീരിൽ മുഴുവനായി വാഹന ഗതാഗതം മുഴുവനായി നിരോധിച്ചിരുന്ന സമയം പാകിസ്ഥാനിൽ നിന്ന് ബോംബുമായി എത്തിയ കാർ 10 ദിവസം കാശ്മീരിൽ കറങ്ങുകയായിരുന്നു എന്ന ക്യാപ്സ്യൂൾ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് വെളിപ്പെടുത്തിയാൽ കൊള്ളാം.
**********************************
എക്സ്ട്രാ :-
ഉമർ ഫാറൂഖിന്റെ മറ്റൊരു അമ്മാവനും ജെയ്ഷ്-ഇ-മുഹമ്മദിന്റെ ഓപ്പറേഷൻ ഹെഡ്ഡുമായ റൗഫ് അസ്ഗറാണ് 2019 ഏപ്രിലിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന പാർലമെന്റ് ഇലക്ഷന് മുൻപായി കാശ്മീരിൽ വലിയൊരു ഭീകരാക്രമണം നടത്താനും, അതുവഴി നിലവിലുള്ള ഗവർമെന്റിന്റെ പ്രതിച്ഛായക്ക് ഇളക്കം തട്ടിക്കാനുമുള്ള പദ്ധതി ആവിഷ്കരിച്ചത്. ആക്രമണം നടന്ന് ഏതാനും ദിവസങ്ങൾവരെ പദ്ധതിപ്രകാരം കാര്യങ്ങൾ നീങ്ങിയെങ്കിലും, പുൽവാമ ആക്രമണത്തിന് ബദലായി ഇന്ത്യ ബാലകോട്ട് പ്രത്യാക്രമണം നടത്തിയതോടെ സംഗതികൾ നേരെ തിരിച്ചായി. ഇതേ തുടർന്ന് അസ്ഗർ “നമ്മൾ ചെയ്തതിന് നേരെ വിപരീതഫലമാണ് ഉണ്ടായതെന്ന്” ഉമർ ഫാറൂഖിനോട് അഭിപ്രായപ്പെട്ടതെന്ന് സാക്ഷിമൊഴികൾ വ്യക്തമാക്കുന്നുണ്ട്.
2019 ജനുവരി അവസാനത്തോടെ ഉമർ ഫാറൂഖ്, സൂയിസൈഡ് ബോംബർ ആദിൽ ദാർ, ആദിലിനോടൊപ്പം വീട് വിട്ടിറങ്ങിയ ബന്ധു സമീർ ദാർ എന്നിവർ ഒത്തുചേർന്ന് ഇൻഷ ജാൻ എന്ന മറ്റൊരു പ്രതിയുടെ വീട്ടിൽവച്ച് ഒരു പ്രൊപ്പഗാണ്ട വീഡിയോ എടുത്തിരുന്നു. പ്രസ്തുത വീഡിയോ ആക്രമണ ശേഷം ജെയ്ഷ്-ഇ-മുഹമ്മദ് ലേബലിൽ അവർ പുറത്തിറക്കുകയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
പിൻകുറിപ്പ് :-
ജമ്മു കശ്മീരിന്റെ ചരിത്രം അശേഷം അറിയാത്തവരാണ് സുരക്ഷാ വീഴ്ച്ച, ഇന്റലിജൻസ് തകരാർ എന്നിങ്ങനെയുള്ള ഭാരിച്ച വാക്കുകൾ എടുത്തിട്ട് പ്രയോഗിക്കുന്നത്. കാർഗിൽ യുദ്ധത്തിന് ശേഷം അന്ന്മുതൽ പുൽവാമ വരെ 128 ഓളം ആക്രമണങ്ങൾ ജമ്മു കശ്മീരിലെ സി.ആർ.പി.എഫ്, ബി.എസ്.ഫ്, സൈനിക-അർദ്ധസൈനിക വിഭാഗങ്ങൾക്ക് നേരെ ഉണ്ടായിട്ടുണ്ട് (സിവിലിയൻസിന് നേരെയുള്ള ആക്രമണം വേറെ). ആ 128 കേസുകളിൽ ഇല്ലാത്ത എന്ത് ഇന്റലിജൻസ് തകരാറാണ് ഈ ഒറ്റ കേസിൽ അന്വേഷിക്കേണ്ടതായി ഉള്ളത് ? സൂയിസൈഡ് ബോംബിങ്, ഗ്രനേഡ് ആക്രമണം, IED-RDX ബോംബുകൾ, വെടിവെപ്പുകൾ എന്നിങ്ങനെ നിരവധി ആക്രമണങ്ങൾ, ആയിരക്കണക്കിന് സൈനികർ വീരമൃത്യു അടഞ്ഞിട്ടുണ്ട്. എന്തേ അതെല്ലാം ഒറ്റയടിക്ക് വിട്ടുകളയുന്നു ? അതോ സൗകര്യപൂർവ്വം പറയാത്തതോ ?
പുൽവാമ കശ്മീരിലെ ഏറ്റവും വൾണറബിൾ ആയുള്ള പ്രദേശമാണ് നിരവധി ആക്രമണങ്ങൾ മുൻപും ഇവിടെ നടന്നിട്ടുണ്ട്. അങ്ങനെ നടക്കാനുള്ളതിന് കാരണം പ്രത്യേകിച്ച് റോക്കറ്റ് സയൻസ് ഒന്നുമല്ല, മത മസ്‌തിഷ്‌ക പ്രക്ഷാളനത്തിൽ വീണുപോകുന്ന യുവജനത, അതാണ് ഉത്തരം. പ്രതി ചേർക്കപ്പെട്ട 19 പേരിൽ 12-ഉം കാശ്മീരികളാണ് (അതിൽ 9 പേർ പുൽവാമയിൽ തന്നെ ഉള്ളവർ) ബാക്കിയുള്ളവർ പാക്കിസ്ഥാനികളും.
Discussion about this post