തിരുവനന്തപുരം: കേരളത്തിലെ 726 എഐ ക്യാമറകൾ ഇന്ന് പ്രവർത്തനം തുടങ്ങും. കർശന വ്യവസ്ഥകളോടെയാണ് ക്യാമറകളുടെ പ്രവർത്തനം തുടങ്ങുന്നത്. കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ മൂന്ന് പേർ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നത് എഐ ക്യാമറയിൽ പതിഞ്ഞാലും പിഴയുണ്ടാകും. കാറുകളിൽ കൈക്കുഞ്ഞുങ്ങളെ പിൻസീറ്റിൽ മുതിർന്നവർക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണം.
ദൃശ്യങ്ങളിൽ വ്യക്തമാകുന്ന നിയമലംഘനത്തിന് മാത്രമേ ആദ്യഘട്ടത്തിൽ പിഴ ഈടാക്കുകയുള്ളു എന്ന് മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ലൈൻ ട്രാഫിക് ലംഘനങ്ങളും ആദ്യ ഘട്ടത്തിൽ പരിശോധിക്കില്ല. വാഹനമോടിക്കുന്നതിനിടെ ഫോണിൽ സംസാരിക്കുന്നതിനും പിടിവീഴും. ഹാൻഡ്‌സ് ഫ്രീ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോണിൽ സംസാരിക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശമെങ്കിലും തത്കാലം ഇതിന് പിഴ ഈടാക്കില്ല.
പിൻസീറ്റിലുള്ളവർക്കും സീറ്റ് ബെൽറ്റ് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും തത്കാലം ഇതിനും പിഴ ഈടാക്കില്ല. കുറ്റം വ്യക്തമായി സ്ഥാപിക്കാൻ കഴിയുന്ന കേസുകളിൽ മാത്രമേ പിഴ ഉൾപ്പെടെയുള്ള നടപടികൾക്ക് സാദ്ധ്യതയുള്ളു. ഓരോജില്ലയിലും പരമാവധി 2500 മുതൽ 3000 വരെ കേസുകളായിരിക്കും പിടിക്കുന്നത്.
ഹെൽമറ്റ് ധരിച്ചില്ലെങ്കിലും, സീറ്റ് ബെൽറ്റ് ഉപയോഗിച്ചില്ലെങ്കിലും 500 രൂപയാണ് പിഴ ഈടാക്കുന്നത്. ടൂവീലറിൽ രണ്ടിലേറെ പേർ യാത്ര ചെയ്താൽ 100 രൂപ പിഴ. ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ പിഴ. അനധികൃത പാർക്കിംഗിന് 250 രൂപയും, അമിതവേഗത്തിന് 1500 രൂപയും പിഴ ഈടാക്കും. ഓരോ തവണ ക്യാമറയിൽ പതിയുമ്പോഴും പിഴ ആവർത്തിക്കും.
Discussion about this post