ഇടുക്കി: പൂപ്പാറയിൽ വാഹനം കൊക്കയിലേക്ക മറിഞ്ഞ് അപകടം. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളടക്കം മൂന്ന് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70), സുശീന്ദ്രൻ (8) എന്നിവരാണ് മരിച്ചത. 18 പേർക്ക് പരിക്കേറ്റു. പലരുടെയും നിലഗുരുതരമാണെന്നാണ് വിവരം.
ഇന്ന് വൈകുന്നേരം 6.45-ഓടെയാണ് അപകടമുണ്ടായത്. തിരുനെൽവേലിയിൽനിന്ന് മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പൂപ്പാറയ്ക്കും ബോഡിമേട്ടിനും ഇടയിൽ തൊണ്ടിമല എസ് വളവിൽ നിയന്ത്രണംവിട്ട് ട്രാവലർ കൊക്കയിലേക്ക് മറിയുകയായിരുന്നു.
നാട്ടുകാരും ഇതുവഴി വന്ന യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സാരമായി പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post