ബംഗളൂരു: കോൺഗ്രസ് അധികാരത്തിൽ വന്നാൽ ബിജെപി സർക്കാർ കൊണ്ടുവന്നതിനെല്ലാം മാറ്റം വരുത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിൽ അധികാരത്തിലേറിയാൽ ജിഎസ്ടി സമ്പ്രദായത്തിൽ മാറ്റം വരുത്തും. കർഷകരുടെ ക്ഷേമത്തിന് കൂടുതൽ ഊന്നൽ നൽകുമെന്നും രാഹുൽ പറഞ്ഞു. ബെൻലഗാവിൽ കരിമ്പ് കർഷകരുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
കേന്ദ്രസർക്കാർ കർഷകരുടെ ദുരിതങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. ഒന്നോ രണ്ട് വ്യവസായത്തിന്റെ വളർച്ച് മാത്രമാണ് കേന്ദ്രം പ്രധാന്യം നൽകുന്നത്. ഇത് മുഴുവൻ കർഷകസമൂഹത്തിനും ഗുണം ചെയ്യില്ല. ഇന്ന് അംബാനിയ്ക്കും അദാനിയ്ക്കും കോടിക്കണക്കിന് രൂപ ബാങ്ക് വായ്പ ലഭിക്കും. എന്നാൽ കർഷകനോ?. ബാങ്കിൽ എത്ര കയറി ഇറങ്ങിയാലും വായ്പയില്ല. ഇത് വിവേചനമാണ്. വൻകിട വ്യവസായികൾക്ക് വായ്പ ധാരാളമായി നൽകുന്നുണ്ടെങ്കിൽ ചെറുകിട സംരംഭകർക്കും വായ്പ നൽകണമെന്നും രാഹുൽ വ്യക്തമാക്കി.
കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ അതിന്റെ ഗുണം മുഴുവൻ കർഷകർക്ക് ആയിരിക്കും. ഇപ്പോൾ വിളയ്ക്ക് കൃത്യമായ വിലയല്ല കർഷകർക്ക് ലഭിക്കുന്നത്. കോൺഗ്രസ് സർക്കാർ നിങ്ങളുടെ വിളകൾക്ക് അർഹമായ തുക നൽകും. അർഹമായ പണം ലഭിക്കാൻ നിങ്ങൾക്കും ആഗ്രഹമില്ലേ?.
രാജ്യത്ത് നാണ്യപ്പെരുപ്പം വർദ്ധിക്കുകയാണ്. ഇന്ധനവില റോക്കറ്റ് പോലെ കുതിക്കുന്നു. കൃഷി കൊണ്ട് മാത്രം ജീവിക്കാൻ കർഷകർക്ക് കഴിയില്ല. സാധനങ്ങളുടെ വില വർദ്ധനവിന് അനുസരിച്ച് കർഷകരുടെ വിളകൾക്ക് നൽകുന്ന മൂല്യവും വർദ്ധിക്കണം.
ജിഎസ്ടികൊണ്ട് പണക്കാർക്ക് മാത്രമാണ് ഗുണം. പലർക്കും ഇതേക്കുറിച്ച് അറിവില്ല. ജിഎസ്ടിവന്നതോടെ ചെറിയ സംരംഭങ്ങൾ അടച്ചുപൂട്ടേണ്ടിവന്നു. കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ ജിഎസ്ടി സമ്പ്രദായത്തിൽ മാറ്റം കൊണ്ടുവരുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Discussion about this post