മലപ്പുറം: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമുക്കോയയുടെ ആരോഗ്യനിലയിൽ പുരോഗതി. ഇതേ തുടർന്ന് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തെ മലപ്പുറത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുകയാണ് മാമുക്കോയ.
ഇന്നലെ രാത്രിയോടെയായിരുന്നു അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. ഉടനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടുത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ബിപിയും ഹൃദയമിടിപ്പും സാധരണ നിലയിലായി. ഇതോടെ ഇന്ന് പുലർച്ചെ രണ്ടരയോടെ മെഡിക്കൽ ആംബുലൻസിൽ കോഴിക്കോട്ടേയ്ക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും 72 മണിക്കൂർ നിരീക്ഷണം ആവശ്യമാണ്.
ഇന്നലെ ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മാമുക്കോയ. ഇതിനിടെയായിരുന്നു അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. വേദിയിൽ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സംഘാടകർ അദ്ദേഹത്തെ വണ്ടൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംഭവ സമയം ട്രോമ കെയർ പ്രവർത്തകർ സ്ഥലത്ത് ഉണ്ടായിരുന്നു. ദേഹാസ്വാസ്ഥ്യം ഉണ്ടായ ഉടനെ ഇവർ മാമുക്കോയയ്ക്ക് പ്രാഥമിക ചികിത്സയ നൽകിയിരുന്നു. കോഴിക്കോട്ടെ ആശുപത്രിയിൽ മാമുക്കോയയുടെ ബന്ധുക്കൾ എത്തിയിട്ടുണ്ട്.
Discussion about this post