കാസർകോട് : രാജ്മോഹൻ ഉണ്ണിത്താനെപ്പോലെ ഒരു എം.പിയുണ്ടെങ്കിൽ വന്ദേഭാരത് പോലെ എന്തും സാദ്ധ്യമാണെന്ന് മകൻ അമൽ ഉണ്ണിത്താൻ. ഫേസ്ബുക്കിലാണ് ഉണ്ണിത്താനെ പ്രകീർത്തിച്ച് അമൽ ഉണ്ണിത്താൻ പോസ്റ്റ് ഇട്ടത്. വന്ദേഭാരതിന്റെ ചിത്രത്തിനൊപ്പം “ ഉണ്ണിച്ചയെപ്പോലെ ഒരു എം.പി ഉണ്ടെങ്കിൽ എന്തും സാദ്ധ്യമാണ് “ എന്ന കുറിപ്പോട് കൂടിയാണ് അമലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കേരളത്തിന് വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കാൻ ആവശ്യപ്പെട്ടത് താനാണെന്ന് നേരത്തെ രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കിയിരുന്നു. പത്ത് വന്ദേഭാരത് വേണമെന്നാണ് താൻ ആവശ്യപ്പെട്ടത്. കാസർകോട് സ്റ്റോപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടതും താനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാസർകോട് സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ നിരാഹാരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സ്റ്റോപ്പ് അനുവദിച്ചതെന്നും രാജ്മോഹൻ ഉണ്ണിത്താൻ അവകാശപ്പെട്ടിരുന്നു.
അതേസമയം അമൽ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റ് ട്രോളന്മാർ ആഘോഷമാക്കി. തള്ളിൽ അച്ഛനെ കടത്തിവെട്ടുന്ന മകൻ എന്ന കമന്റാണ് കൂടുതലും പോസ്റ്റുകൾക്ക് ലഭിക്കുന്നത്. കുറി ഇട്ട ഉണ്ണിച്ചയാണോ അതോ കുറി മായ്ച്ച ഉണ്ണിച്ചയാണോ എന്ന കമന്റുകളും പോസ്റ്റിനു താഴെ വരുന്നുണ്ട്. ഇങ്ങനെ തള്ളാൻ എങ്ങനെ സാധിക്കുന്നെന്ന ചോദ്യങ്ങളും കമന്റുകളിൽ ഉണ്ട്.
Discussion about this post