ന്യൂഡൽഹി: കേരളത്തിന്റെ റെയിൽവേ വികസനത്തിന് ഈ വർഷം 2033 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കളരിപ്പയറ്റിന്റേയും കഥകളിയുടേയും ആയുർവേദത്തിന്റേയും നാട്ടിൽ വന്ദേഭാരതിലൂടെ പുതിയ ഒരു ആകർഷണം കൂടി ലഭിച്ചിരിക്കുകയാണ്, ‘അടിപാളി വന്ദേഭാരത്’ എന്നാണ് കേരളത്തിലെ യുവജനങ്ങൾ പറയുന്നത്. അടിപൊളി യാത്രാ അനുഭവമായിരിക്കും വന്ദേഭാരതിലൂടെ ലഭിക്കുന്നത്.
180 കിലോമീറ്ററാണ് വന്ദേഭാരതിന്റെ പരമാവധി വേഗം. 35 വർഷത്തെ ആയുസാണ് വന്ദേ ഭാരതിനുള്ളത്. കേരളത്തിലെ റെയിൽവേ ട്രാക്കുകളുടെ വേഗത മണിക്കൂറിൽ 80 മുതൽ 90 വരെ വേഗതയാണ് കൈവരിക്കാനാകുന്നത്. അതുകൊണ്ട് തന്നെ ലോകോത്തര നിലവാരമുള്ള സിഗ്‌നലിംഗ് സിസ്റ്റം അവതരിപ്പിച്ച്, റെയിൽവേ ഘടനയും വളവുകളും മാറ്റി അടുത്ത 18-24 മാസത്തിനകം വന്ദേ ഭാരതിന്റെ വേഗത വർധിപ്പിക്കും. ട്രാക്കിലെ വളവുകൾ നികത്താനും സിഗ്‌നൽ സംവിധാനം മെച്ചപ്പെടുത്താനും നടപടികൾ ആരംഭിച്ചു. ട്രാക്ക് വികസനം പൂർത്തിയാകുന്നതോടെ തിരുവനന്തപുരം-കാസർകോട് അഞ്ചര മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ കഴിയും. 3-4 വർഷം കൊണ്ട് റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക് ഉയരുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
2009 മുതൽ 2014 വരെയുള്ള കാലത്ത് കേരളത്തിന് വെറും 371 കോടി രൂപയാണ് റെയിൽവേ വികസനത്തിനായി അനുവദിച്ചിരുന്നത്. എന്നാൽ 2014ന് ശേഷം ഇത് ഇരട്ടിയാക്കി വർദ്ധിപ്പിച്ചു. ഈ വർഷം 2033 കോടി രൂപയാണ് കേരളത്തിന്റെ റെയിൽവേ വികസനത്തിനായി പ്രധാനമന്ത്രി അനുവദിച്ചിരിക്കുന്നത്. കൊല്ലം, എറണാകുളം, എറണാകുളം ടൗൺ, തിരുവനന്തപുരം, കോഴിക്കോട്, വർക്കല, ചെങ്ങന്നൂർ, തൃശൂർ എന്നിങ്ങനെ കേരളത്തിലെ പ്രധാന സ്റ്റേഷനുകളെല്ലാം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ രൂപകൽപന മികച്ചതാണ്. ഈ പ്രത്യേകത നിലനിർത്തികൊണ്ട് തന്നെ സ്റ്റേഷൻ ആധുനികവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Discussion about this post