തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്ന് പച്ച കള്ളം തട്ടിവിടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കേരളത്തിൽ നിന്ന് ഒന്നും കിട്ടില്ലെന്ന് മോദിക്ക് തന്നെ അറിയാം. ഞങ്ങള്‍ അടുത്ത തവണ പാര്‍ലമെന്റില്‍ ഇത്ര സീറ്റില്‍ ജയിക്കുമെന്നോ നിയമസഭയില്‍ ജയിക്കുമെന്നോ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്നോ മോദി പറഞ്ഞില്ലെന്നും എകെജി സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.
ദേശീയ പാതാ വികസനം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുകൊണ്ട് മാത്രം നടപ്പാകുന്നതാണ്. 52,17,642 പേര്‍ക്കാണ് കേരളത്തില്‍ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. ഇതില്‍ കേന്ദ്ര സഹായം ലഭിക്കുന്നത് 6,88,329 പേര്‍ക്കാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
സ്വര്‍ണം കടത്തുന്നവരേയും ആര്‍ക്കാണ് എത്തിച്ചതെന്നും കണ്ടെത്തേണ്ടതും കേന്ദ്ര ഏജന്‍സികളാണ്. അതിന്റെ പരാജയം മറയക്കാന്‍ കേരള സര്‍ക്കാരിന്റെ മേല്‍ ചാരിവെക്കേണ്ടതില്ല. കേരളത്തിന് എയിംസും റെയില്‍വേ സോണും അനുവദിക്കുമെന്ന് പറഞ്ഞ് തീരുമാനിച്ചതാണ്. ഒരു കാര്യവും നടന്നിട്ടില്ലെന്നും ഗോവിന്ദൻ പരാതിപ്പെട്ടു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചുവെന്ന ശുദ്ധ അംസബന്ധമാണ് പ്രധാനമന്ത്രി വിളിച്ച് പറയുന്നത്. ക്രൈസ്തവ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിൽ ഒരിടത്തും ബിജെപിക്ക് ഭൂരിപക്ഷമില്ല. ഒരു സാധാരണ ആര്‍എസ്എസുകാരനും ബിജെപിക്കാരനും സംസാരിക്കുന്നത് പോലെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സംസാരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
വന്ദേഭാരത് എല്ലാ സംസ്ഥാനങ്ങള്‍ക്കും കൊടുക്കുന്നത് പോലെ കൊടുത്തു. അതിനപ്പുറത്തേക്ക് ഒരു പ്രധാന്യവുമില്ല. അതിന് എല്ലാ സംസ്ഥാനങ്ങളിലെയും പോലെ സ്പീഡില്‍ കേരളത്തിൽ ഓടാന്‍ കഴിയില്ല. അതുകൊണ്ടാണ് കെ റെയിൽ വരണമെന്ന് പറയുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.












