തിരുവനന്തപുരം: തങ്ങൾ വരച്ച ചിത്രങ്ങളുമായി കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രിയെ കാത്തിരിക്കുകയായിരുന്നു ശ്രീചിത്ര പുവർ ഹോമിലെ കുട്ടികൾ. പ്രധാനമന്ത്രി എത്തിയപ്പോൾ ഓരോരുത്തരായി തങ്ങൾ വരച്ച ചിത്രങ്ങൾ അദ്ദേഹത്തിന് നേരെ നീട്ടി. എല്ലാവരുടെയും ചിത്രങ്ങൾ ഒപ്പിട്ട് നൽകിയ അദ്ദേഹം രാഹുലിന്റെ ചിത്രം മാത്രം തിരികെ നൽകിയില്ല. അത് സമ്മാനമായി അദ്ദേഹം സ്വീകരിച്ചു. രാഹുലിനെ മാറോട് ചേർത്ത് പിടിച്ചായിരുന്നു ഇതിന് പ്രധാനമന്ത്രി നന്ദി പറഞ്ഞത്. കണ്ട് നിന്നവരുടെ കണ്ണു നനയിച്ച നിമിഷം.
കൃത്യം 20 വർഷങ്ങൾക്ക് മുൻപാണ് രാഹുൽ തിരുവനന്തപുരത്ത് എത്തുന്നത്. ദിവ്യാംഗനായ രാഹുലിനെ മൂന്നാം വയസ്സിൽ രക്ഷിതാക്കൾ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കുകായിരുന്നു. പിന്നീട് അങ്ങോട്ട് ശ്രീചിത്രയിലെ കുട്ടികൾക്കൊപ്പമായിരുന്നു രാഹുലിന്റെ ജീവിതം.
ജന്മനാ രാഹുലിന് കേൾവി ശക്തിയില്ല. ഇത് സംസാരത്തെയും ബാധിച്ചു. എങ്കിലും ചിത്രം വര കൈമുതലാക്കിയ രാഹുൽ ഇതിലൂടെ സ്വയം ആത്മവിശ്വാസം ആർജ്ജിച്ചു. ഈ ആത്മവിശ്വാസമാണ് രാഹുലിനെ ഈ അംഗീകാരത്തിന് അർഹനാക്കിയത്. പ്രധാനമന്ത്രിയുടെ വരവിനോട് അനുബന്ധിച്ച് തലസ്ഥാനത്തെ സ്‌കൂളുകളിൽ ചിത്ര രചനാ- ഉപന്യാസ മത്സരങ്ങൾ നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത രാഹുൽ മോദിയും വന്ദേഭാരതും ഒന്നിച്ചുള്ള ചിത്രം വരച്ചു. ഇത് അദ്ധ്യാപകർക്ക് ഇഷ്ടമായതോടെ രാഹുലിനെ തിരഞ്ഞെടുക്കുകയായിരുന്നു.
കണ്ട മാത്രയിൽ തന്നെ ചിത്രം ഇഷ്ടപ്പെട്ട പ്രധാനമന്ത്രി ആദ്യം എത്തിയതും രാഹുലിന്റെ അടുത്താണ്. രാഹുലിന്റെ വാക്കുകൾ പ്ലസ് ടു വിദ്യാർത്ഥിനിയായ അഞ്ജലി പ്രധാനമന്ത്രിയ്ക്ക് പരിഭാഷപ്പെടുത്തി നൽകി. മറ്റുകുട്ടികളെ കാണാൻ നേരമായിരുന്നു പ്രധാനമന്ത്രി രാഹുലിനെ ചേർത്ത് പിടിച്ചത്.
Discussion about this post