ന്യൂഡൽഹി: കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരസ്യമാക്കിയ പശ്ചിമ ബംഗാൾ പോലീസിനോട് വിശദീകരണം തേടി ദേശീയ ബാലാവകാശ കമ്മീഷൻ. റിപ്പോർട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതിൽ കമ്മീഷൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ദേശീയ ബാലാവകാശ കമ്മീഷൻ പശ്ചിമ ബംഗാൾ ഡിജിപിയോട് ഉത്തരവിട്ടത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരസ്യമായതോടെ പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും പേരുവിവരങ്ങൾ പുറത്തായി. ഇത്തരം കേസുകളിൽ ഇരയുടെ പേരുവിവരങ്ങൾ രഹസ്യമാക്കി വെക്കണം എന്നാണ് ചട്ടം. ഇവ പരസ്യപ്പെടുത്തുന്നത്, സ്വകാര്യതയുടെ ലംഘനമാണെന്ന് അറിയില്ലേയെന്നും കമ്മീഷൻ പോലീസിനോട് ചോദിച്ചു. സംഭവത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 15 വയസുകാരിയുടെ മൃതദേഹത്തോട് ആവർത്തിച്ച് അനാദരവ് കാട്ടിയ പോലീസ് നടപടികൾക്കെതിരെ ജനരോഷം ശക്തമാണ്. പ്രതിഷേധത്തിനിടെ അക്രമാസക്തമായ ജനക്കൂട്ടം കഴിഞ്ഞ ദിവസം കല്യാൺഗഞ്ജ് പോലീസ് സ്റ്റേഷൻ അഗ്നിക്കിരയാക്കിയിരുന്നു. ഉത്തർ ദിനാജ്പൂരിലെ റായ്ഗഞ്ചിൽ ബിജെപിയുടെ നേതൃത്വത്തിൽ ജനങ്ങൾ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ പോലീസ് ലാത്തിച്ചാർജ്ജും കണ്ണീർവാതക പ്രയോഗവും നടത്തിയിരുന്നു.
Discussion about this post