എറണാകുളം: കടുത്ത വേനലിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നും മഴ. എല്ലാ ജില്ലകളിലും ഇന്ന് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാന വ്യാപകമായി മഴ ലഭിക്കുമെങ്കിലും ഇന്ന് എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട് ആണ്. ഇവിടെ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കാം. ഇടിമിന്നലും കാറ്റും ഉണ്ടാകുമ്പോൾ വീടിന് പുറത്ത് ഇറങ്ങരുത് എന്നാണ് അധികൃതരുടെ നിർദ്ദേശം.
അടുത്ത മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മഴ കൂടുതൽ ലഭിക്കാവുന്ന വയനാട്ടിൽ നാളെ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റെന്നാൾ പാലക്കാട് ജില്ലയിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് മികച്ച തരത്തിലാണ് വേനൽ മഴ ലഭിച്ചത്. അതുകൊണ്ടുതന്നെ മിക്ക സ്ഥലങ്ങളിലും പകൽ സമയങ്ങളിൽ അന്തരീക്ഷ താപനിലയിൽ കുറവുണ്ട്.
Discussion about this post