കൊച്ചി: സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താര സംഘടനയായ അമ്മയിൽ അംഗത്വം നേടാൻ അപേക്ഷ നൽകി നടൻ ശ്രീനാഥ് ഭാസി. കലൂരിൽ അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. അമ്മയുടെ നിയമപ്രകാരം എക്‌സിക്യൂട്ടീവിന്റെ അനുമതിക്ക് ശേഷം മാത്രമേ അപേക്ഷ സ്വീകരിക്കാൻ നടപടി സ്വീകരിക്കുകയുള്ളൂ.
ഡേറ്റ് നൽകിയിട്ടും ചിത്രീകരണത്തിന് എത്താതെ മുങ്ങി നടക്കുകയും, അഡ്വാൻസ് മേടിച്ച ശേഷം ഡേറ്റ് നൽകാതെയുമെല്ലാം സിനിമകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകൾ വ്യക്തമാക്കിയത്. നിർമ്മാതാവുമായി ഒപ്പുവയ്ക്കുന്ന കരാറിൽ അമ്മയുടെ റജിസ്‌ട്രേഷൻ നമ്പർ ഉണ്ടാകണമെന്നും അല്ലാത്ത താരങ്ങളുടെ കാര്യത്തിൽ തങ്ങൾക്ക് റിസ്‌കെടുക്കാനാകില്ലെന്നും സംഘടനകൾ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസി അമ്മയിൽ അംഗത്വത്തിന് അപേക്ഷ നൽകിയത്.
ഫെഫ്ക, നിർമ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകൾ സംയുക്തമായാണ് കഴിഞ്ഞ ദിവസം വാർത്ത സമ്മേളം നടത്തിയത്. ശ്രീനാഥ് ഭാസി, ഷെയിൻ നിഗം എന്നിവരുമായി തുടർന്ന് സഹകരിക്കില്ലെന്നാണ് സംഘടനകൾ വ്യക്തമാക്കിയത്. ഇവരെ വച്ച് സിനിമ ചെയ്യുന്നവർ സ്വന്തം റിസ്‌കിൽ സിനിമ ചെയ്യണമെന്നും സംഘടനകൾ വ്യക്തമാക്കുന്നു.
Discussion about this post