ന്യൂഡൽഹി: കോൺഗ്രസിൽ പോലും ആരും വില കൽപ്പിക്കാത്തതിനാൽ, ജീവിച്ചിരിക്കുന്നു എന്ന് സ്വയം ബോദ്ധ്യപ്പെടുത്താനും മറ്റുള്ളവരെ അറിയിക്കാനുമാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിഷം തുപ്പുന്നതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. ലോകാരാധ്യനായ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിന് കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ വിഷപ്പാമ്പ് എന്ന് വിശേഷിപ്പിച്ച ഖാർഗെയുടെ നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സോണിയ ഗാന്ധിയെക്കാൾ കടുത്ത വിദ്വേഷ പ്രചാരകനാണ് താൻ എന്ന് പാർട്ടി അംഗങ്ങളെ കൊണ്ട് പറയിക്കാനാണ് ഖാർഗെ ഇത്തരത്തിൽ നിന്ദ്യമായ പരാമർശം നടത്തിയത്. സോണിയ ഗാന്ധിയുടെ വിദ്വേഷ പ്രചാരണത്തിന്റെ ഫലം ജനങ്ങൾ ദയനീയ പരാജയത്തിന്റെ രൂപത്തിൽ കോൺഗ്രസിന് പലവട്ടം നൽകിക്കഴിഞ്ഞു. ഖാർഗെയുടെ ഗതിയും മറ്റൊന്നാകില്ലെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കലബുർഗിയിൽ നടന്ന യോഗത്തിൽ സംസാരിക്കവെയായിരുന്നു ഖാർഗെയുടെ വിദ്വേഷ പരാമർശം. ‘പ്രധാനമന്ത്രി മോദി ഒരു വിഷപ്പാമ്പിനെ പോലെയാണ്. ചില പാമ്പുകൾക്ക് വിഷമുണ്ടോ ഇല്ലയോ എന്ന് നമുക്ക് സംശയം തോന്നും. എന്നാൽ വിഷമുണ്ടോ എന്നറിയാൻ നിങ്ങൾ ഒന്ന് നക്കി നോക്കിയാൽ മതി, അപ്പോൾ തന്നെ നിങ്ങൾ മരിക്കും.‘ ഇതായിരുന്നു ഖാർഗെയുടെ വാക്കുകൾ. ഖാർഗെയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ബിജെപി.
Discussion about this post