ന്യൂഡൽഹി: കൊടും കുറ്റവാളിയായ ആർജെഡി നേതാവിനെ തുറന്നുവിട്ട ബിഹാറിലെ മഹാസഖ്യ സർക്കാരിന്റെ നടപടിക്കെതിരെ ജനരോഷം ശക്തമാകുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഐ എ എസ് ഉദ്യോഗസ്ഥൻ ജി കൃഷ്ണയ്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ആർജെഡി നേതാവും ഗുണ്ടാത്തലവനുമായ ആനന്ദ് മോഹൻ സിംഗിനെയാണ് ബിഹാർ സർക്കാർ വ്യാഴാഴ്ച മോചിപ്പിച്ചത്.
അച്ഛനെ കൊന്ന ആനന്ദ് മോഹൻ സിംഗിനെ ജയിൽ മോചിതനാക്കിയതിനെതിരെ, കൊല്ലപ്പെട്ട ഐ എ എസ് ഉദ്യോഗസ്ഥൻ ജി കൃഷ്ണയ്യയുടെ മകൾ പദ്മ കൃഷ്ണയ്യ രംഗത്ത് വന്നു. ആനന്ദ് മോഹൻ സിംഗിന്റെ ജയിൽ മോചനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് പദ്മ കൃഷ്ണയ്യ അഭ്യർത്ഥിച്ചു.
‘ബിഹാറിൽ നീതി മരിച്ചു. ഇത്തരം ക്രിമിനലുകളെ ദയവായി സമൂഹത്തിലേക്ക് തുറന്നുവിടരുത്. ബിഹാറിൽ ഇനി മേലിൽ ഇത്തരം ക്രിമിനലുകൾ സ്വതന്ത്രരായി വിഹരിക്കാൻ ഇടവരരുത്. അങ്ങയിൽ മാത്രമാണ് ഞങ്ങൾ പ്രതീക്ഷ വെക്കുന്നത്, മോദിജീ‘. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിറകണ്ണുകളോടെ പദ്മ കൃഷ്ണയ്യ പറഞ്ഞു.
1994ലായിരുന്നു, അന്നത്തെ ഗോപാൽഗഞ്ച് ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന ജി കൃഷ്ണയ്യയെ ആനന്ദ് മോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. ആർജെഡി നേതാവായ മറ്റൊരു ഗുണ്ടാത്തലവൻ ചോതൻ ശുക്ലയുടെ മൃതദേഹ സംസ്കാര ചടങ്ങുകൾക്കിടെ യാദൃശ്ചികമായി അതുവഴി കാറിൽ കടന്നുപോയ കൃഷ്ണയ്യയെ ആനന്ദ് മോഹൻ സിംഗും സംഘവും പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ഈ കേസിൽ കഴിഞ്ഞ 15 വർഷമായി ആനന്ദ് മോഹൻ സിംഗ് ജയിലിലായിരുന്നു. 2007ൽ പ്രാദേശിക കോടതി വധശിക്ഷയ്ക്ക് വിധിച്ച ആനന്ദ് മോഹൻ സിംഗിന്റെ ശിക്ഷ 2008ൽ പട്ന ഹൈക്കോടതി ജീവപര്യന്തമായി കുറച്ചിരുന്നു. ബിഹാറിലെ ജയിൽ ചട്ടമനുസരിച്ച് ഡ്യൂട്ടിയിലിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുന്നവർക്ക് ഒരിക്കലും ശിക്ഷയിൽ ഇളവ് നൽകാൻ സാധിക്കില്ല. ഇതനുസരിച്ച്, ആനന്ദ് മോഹൻ സിംഗ് ജീവിതാവസാനം വരെ ജയിലിൽ കഴിയണമായിരുന്നു. ഈ ചട്ടമാണ്, മഹാസഖ്യ സർക്കാർ മറികടന്നത്.
കൊടും കുറ്റവാളിയായ ഗുണ്ടാ- രാഷ്ട്രീയ നേതാവ് ആനന്ദ് മോഹൻ സിംഗിനെ തുറന്നുവിടാനുള്ള ബിഹാർ സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത് വന്നു. ആർജെഡി നേതാവും കൊടും ക്രിമിനലുമായ ആനന്ദ് മോഹൻ സിംഗിന് വേണ്ടി നിതീഷ് കുമാർ സർക്കാർ നിയമവാഴ്ചയെ ബലികഴിച്ചുവെന്ന് ബിജെപി എം പിയും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി പറഞ്ഞു. ബിഹാറിൽ വീണ്ടും ജംഗിൾ രാജിന് വഴിയൊരുക്കുകയാണ് സഖ്യസർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജീവപര്യന്തം തടവ് ശിക്ഷയിൽ വെള്ളം ചേർത്ത ബിഹാർ സർക്കാരിന്റെ നടപടി ദളിത് വിരുദ്ധമാണെന്ന് ബി എസ് പി നേതാവ് മായാവതി പറഞ്ഞു. ഇത്തരം നടപടികൾ പൊതുസേവകരുടെ ആത്മവീര്യം കെടുത്തുമെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുമെന്നും നീതിന്യായ വ്യവസ്ഥയെ അപഹാസ്യമാക്കുമെന്നും ഐ എ എസ് അസോസിയേഷൻ വിമർശിച്ചു.
Discussion about this post