കൊച്ചി : സിനിമയുടെ അണിയറ പ്രവർത്തകരുമായി സഹരിക്കുന്നില്ലെന്ന് ആരോപിച്ച് നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷെയ്ൻ നിഗത്തെയും സിനിമാ സംഘടനകൾ വിലക്കിയതിൽ പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. നമ്മളൊക്കെ അവരോട് കൂടെ തന്നെയാണെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു. ശ്രീനാഥ് ഭാസിയോടും ഷെയ്ൻ നിഗത്തിനോടും എന്തുകൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചില്ലെന്നും അവരെ വിലക്കിയിട്ടും നിങ്ങൾ ഒരക്ഷരം മിണ്ടിയില്ലല്ലോ എന്നുമുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഷൈൻ ടോം ചാക്കോ.
”നമ്മളൊക്കെ അവരുടെ കൂടെ തന്നെയാണ് ഉള്ളത്. അവരെ ഇട്ടിട്ട് പോയെന്ന് നിങ്ങൾ വിചാരിച്ചോ. ഞങ്ങൾ ഒരുമിച്ചാണ്. പടം ചെയ്യാൻതുങ്ങിയാൽ അങ്ങനെയാണ്. അവർ വിലക്കും, എന്നിട്ട് എന്താണ് സംഭവിക്കാൻ പോകുന്നത്. തിലകനെ വിലക്കിയിരുന്നില്ലേ ? നിങ്ങൾക്ക് തോന്നുന്നുണ്ടോ ഇത് ശരിയാണെന്ന്” ഷൈൻ ടോം പറഞ്ഞു. സമൂഹത്തിൽ ഉള്ള സാധനങ്ങൾ മാത്രമേ സിനിമയിൽ ഉള്ളൂ. അല്ലാതെ സിനിമയിൽ മാത്രമായിട്ടുള്ളത് ഒന്നും ഇല്ലെന്നും താരം വ്യക്തമാക്കി.
”തൊഴിലാളി ദിനത്തിൽ അന്ന് തൊഴിൽ ചെയ്യുന്നവരെ വിലക്കാൻ ആർക്കും പറ്റില്ല. പിന്നെ സസ്‌പെൻഷൻ കൊടുക്കാം, പക്ഷേ കാലാകാലങ്ങൾക്ക് വിലക്കാനൊന്നും പറ്റില്ല. അങ്ങനെയാണെങ്കിൽ കുറേയധികം ലിസ്റ്റ് ഉണ്ട് ” ഷൈൻ ടോം പറഞ്ഞു. ലൈവ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് താരം പ്രതികരിച്ചത്.
Discussion about this post