ഡിവൈഎഫ്‌ഐ പ്രതിഷേധവും വിശ്വാസികളുടെ പ്രതിരോധവും വീഡിയോ കാണാം
പത്തനംതിട്ട: ക്ഷേത്രത്തിലെ കൊടിയേറ്റ് സദ്യ അലങ്കോലപ്പെടുത്താനെത്തിയ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരെ ശരണം വിളിച്ച് ഓടിച്ച് ഉത്സവത്തിനെത്തിയ അമ്മമാരായ ഭക്തർ. പത്തനംതിട്ട നഗരത്തോട് ചേർന്ന് കിടക്കുന്ന ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലാണ് സംഭവം. കാവിക്കൊടികളും തോരണങ്ങളും കെട്ടുന്നതിന്റെ പേരിൽ പോലീസിൽ പരാതി നൽകിയ സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വം കൊടിയേറ്റിന് പിന്നാലെ ഉത്സവം അലങ്കോലപ്പെടുത്താൻ പ്രകടനമായി എത്തുകയായിരുന്നു.
വർഷങ്ങളായി ഓമല്ലൂർ ക്ഷേത്രത്തിൽ ഉത്സവസമയത്ത് ക്ഷേത്രത്തിലും അതിന് മുൻപിലുളള റോഡിലുമൊക്കെ കാവിക്കൊടികളും തോരണങ്ങളും കൊണ്ട് അലങ്കരിക്കുന്നത് പതിവാണ്. എന്നാൽ ഇക്കുറി സിപിഎം നേതാവ് ബാലകൃഷ്ണൻ ഇതിന്റെ പേരിൽ പരാതി നൽകി. താനും ഹിന്ദുവാണെന്നും എന്നാൽ കാവിക്കൊടി ഹിന്ദുവിന്റേതാണെന്ന് അറിയില്ലെന്നും കാണിച്ചായിരുന്നു പരാതി. പത്തനംതിട്ട ഡിവൈഎസ്പിക്ക് നൽകിയ പരാതിയെ തുടർന്ന് ക്ഷേത്ര ഭാരവാഹികളുമായി ചർച്ച നടത്തിയിരുന്നു.
നിലവിലുളള കാവിക്കൊടികൾ മാറ്റേണ്ടെന്നും ഇനി റോഡിലും പരിസരത്തും കാവി തോരണം മാത്രമേ കെട്ടാവൂ എന്നും ഡിവൈഎസ്പിയുടെ മുൻപിൽ വെച്ച് ധാരണയുണ്ടാക്കിയിരുന്നു. ഇത് അംഗീകരിച്ച് പിരിഞ്ഞ സിപിഎം ഡിവൈഎഫ്‌ഐ നേതാക്കൾ ടൗണിലുളള നേതാക്കളെയും കൂട്ടി കൊടിയേറ്റ്് ദിവസം പ്രകടനമായി ക്ഷേത്രത്തിലേക്ക് എത്തുകയായിരുന്നു. തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് അനന്തഗോപൻ കൊടിയേറ്റ് സദ്യ ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെയായിരുന്നു സിപിഎം ഏരിയ സെക്രട്ടറി ബൈജുവിന്റെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തകർ ക്ഷേത്രത്തിലേക്ക് എത്തിയത്.
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി നിസാം, പത്തനംതിട്ട ബ്ലോക്ക് പ്രസിഡണ്ട് അജ്മൽ ബഷീർ തുടങ്ങിയവർ ഉൾപ്പെടെ കിലോമീറ്ററുകൾ അകലെ പത്തനംതിട്ട ടൗണിൽ നിന്നും വിളിച്ചുകൊണ്ടുവന്ന മുസ്ലീം വിശ്വാസികളായ പ്രവർത്തകരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. നാട്ടുകാരായ ഡിവൈഎഫ്‌ഐക്കാരെ കമ്മിറ്റിയുണ്ടെന്ന് പറഞ്ഞാണ് ബൈജുവും സംഘവും പ്രകടനത്തിന് വിളിച്ചുകൊണ്ടുവന്നത്. ഉത്സവം അലങ്കോലമാക്കാനാണെന്ന് മനസിലായതോടെ ഇവർ മടങ്ങി.
ഡിവൈഎസ്പിയുടെ മുൻപിലുണ്ടാക്കിയ ധാരണ ലംഘിച്ചിട്ടില്ലെന്നും അതനുസരിച്ചാണ് കൊടിയും തോരണവും കെട്ടിയിരിക്കുന്നതെന്നും പോലീസ് പരിശോധിച്ച് ബോധ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുക്കാതെ ആയിരുന്നു പ്രതിഷേധം. ഡിവൈഎഫ്‌ഐ ടൗണിൽ നിന്നും പാർട്ടി പ്രവർത്തകരെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുവന്നവരിൽ എസ്ഡിപിഐ പ്രവർത്തകന്റെ മകനുൾപ്പെടെ ഉണ്ടായിരുന്നു. കാവിക്കൊടിയുടെ പേരിൽ സ്ഥലത്ത് വർഗീയ സംഘർഷം ഉണ്ടാക്കുകയായിരുന്നു ഡിവൈഎഫ്‌ഐ ലക്ഷ്യമിട്ടതെന്നും നാട്ടുകാർ സംശയിക്കുന്നു.
പോലീസും ഡിവൈഎഫ്‌ഐയ്ക്ക് ഒത്താശ ചെയ്യുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഘർഷമുണ്ടാകുന്നതിന് തൊട്ടുമുൻപ് വൻതോതിൽ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകർ എത്തിയതോടെ കൊടിയേറ്റ് സദ്യ കഴിച്ചുകൊണ്ടിരുന്ന അമ്മമാർ ഉൾപ്പെടെ പുറത്തിറങ്ങി ഇവരെ ചോദ്യം ചെയ്തു. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട്ടുകാരുടെ സഹകരണം ഉറപ്പാക്കിയാണ് ഓമല്ലൂരിൽ ഉത്സവം നടത്തുന്നത്. ഡിവൈഎഫ്‌ഐയുടെ പ്രതിഷേധത്തോടെ ഉത്സവത്തിന് രാഷ്ട്രീയ നിറം കൈവന്നതായും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
നേരത്തെ ബിജെപി ജില്ലാ നേതാവായിരുന്ന എജി ഉണ്ണികൃഷ്ണൻ നിലവിൽ സിപിഎമ്മിന് ഒപ്പമാണ്. എജി ഉണ്ണികൃഷ്ണന്റെ തിരക്കഥയിലാണ് പ്രതിഷേധവും ഉത്സവം അലങ്കോലമാക്കാനുളള ശ്രമങ്ങളും നടന്നത്. സിപിഎം നേതാക്കൾക്ക് ക്ഷേത്ര ഭരണത്തിൽ ഇടപെടാൻ വഴിയൊരുക്കി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിൽ തന്നെ ഭക്തർക്ക് കടുത്ത അമർഷം ഉണ്ട്. ഇതിനിടയിലാണ് കാവിക്കൊടിയുടെ പേരിൽ സംഘർഷമുണ്ടാക്കാൻ ഡിവൈഎഫ്‌ഐ ശ്രമിച്ചത്.
Discussion about this post