കുമളി: ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ എത്തിച്ച അരിക്കൊമ്പനെ നിരീക്ഷിച്ച് തമിഴ്‌നാട് വനംവകുപ്പും. കഴിഞ്ഞ ദിവസം അരിക്കൊമ്പൻ എത്തിയ വണ്ണാത്തിപ്പാറയിൽ നിന്ന് അഞ്ച് കിലോമീറ്ററിനപ്പുറം തമിഴ്‌നാടിന്റെ ജനവാസമേഖലയാണ്. ഇവിടേക്ക് അരിക്കൊമ്പൻ എത്തുമോ എന്നതാണ് തമിഴ്‌നാട് വനംവകുപ്പ് പ്രധാനമായും നോക്കുന്നത്. തമിഴ്‌നാടിന്റെ ജനവാസ മേഖലയിലേക്ക് കടന്നാൽ കേരളത്തിലേക്ക് ഓടിച്ച് വിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. പടക്കം പൊട്ടിച്ച് കാട് കയറ്റാനുള്ള സാദ്ധ്യതയും വനംവകുപ്പ് ആലോചിക്കുന്നുണ്ട്.
അതേസമയം അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ എത്താനുള്ള സാദ്ധ്യത കുറവാണെന്നാണ് വിദഗ്ധർ പറയുന്നത്. അനുയോജ്യമായ സ്ഥലത്താണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ജനവാസമേഖലയിൽ അരിക്കൊമ്പൻ എത്തുന്നതിന് വളരെ മുൻപ് തന്നെ വനംവകുപ്പിന് വിവരം ലഭിക്കുമെന്നാണ് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറയുന്നത്.
അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിൽ തുറന്ന് വിട്ടതിന് ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽ നിന്നുള്ള സിഗ്നൽ ലഭിക്കുന്നുണ്ട്. ഒരു ദിവസം സിഗ്നലിൽ നിന്നുള്ള ബന്ധം ലഭിച്ചില്ലെങ്കിലും ഇന്നലെ മുതൽ വീണ്ടും കിട്ടിത്തുടങ്ങി. ആന ചോലവനത്തിനുള്ളിൽ ആയതിനാലാകാം സിഗ്നലുകൾ ലഭിക്കാത്തത് എന്നാണ് സൂചന. ഇടതൂർന്ന മരങ്ങളുള്ള വനത്തിനുള്ളിലായാൽ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകും. മോശം കാലാവസ്ഥ ആണെങ്കിലും സമാന സാഹചര്യം ഉണ്ടാകാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post