വയനാട് : വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി ദമ്പതിമാർ ഉൾപ്പെടെ നാല് പേർ പിടിയിൽ. കാറിന്റെ മുകൾഭാഗത്ത് ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. മുത്തങ്ങയിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ പിടിയിലായത്.
കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ. വീട്ടിൽ ഫിറോസ് ഖാൻ (31), പാറപ്പുറം അരക്കിണർ മിഥുൻ നിവാസിൽ പി.കെ. യൂസഫലി (26), ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കൻകണ്ടി ആയിഷ നിഹാല (22), കണ്ണൂർ കക്കാട് പറയിലകത്ത് പി. നദീർ (26) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് കാറിൽ എംഡിഎംഎയുമായി പോകുന്നതിനിടെയാണ് ഇവർ പിടിയിലായത്.
156 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടിച്ചെടുത്തു. വിൽപ്പനയ്ക്കായി കൊണ്ടുനടന്ന ത്രാസും കവറുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി എസ്.ഐ. സി.എം. സാബുവും സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.
Discussion about this post