ന്യൂഡൽഹി : ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 പുനഃപരിശോധിക്കുന്നത് വരെ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികളുമായി ചർച്ചകൾ നടത്തില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. ഗോവയിൽ നടന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷനിൽ പങ്കെടുക്കാൻ രാജ്യത്ത് എത്തിയതായിരുന്നു ഭൂട്ടോ.
2011 ന് ശേഷം ആദ്യമായാണ് പാകിസ്താനിൽ നിന്നുള്ള വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുന്നത്. ജമ്മു കശ്മീരിന് നൽകിയിരുന്ന പ്രത്യേക അധികാരം റദ്ദാക്കിയ സർക്കാർ നടപടി പുനഃപരിശോധിച്ചാൽ മാത്രമേ ഇന്ത്യയുമായി നയതന്ത്ര ബന്ധത്തിന് തയ്യാറാകൂ എന്നാണ് ഭൂട്ടോ പറയുന്നത്.
തീവ്രവാദത്തിന് അന്ത്യം കുറിക്കാൻ പാകിസ്താൻ ശ്രമിക്കുന്നുണ്ട്. അത് ഇന്ത്യക്കാർ പറഞ്ഞിട്ടോ, ഇന്ത്യൻ സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നോ അല്ല, മറിച്ച് പാകിസ്താന്റെ തീരുമാനമാണത്. തീവ്രവാദം ഏറ്റവുമധികം ബാധിച്ചത് പാകിസ്താനെയാണ്. താനും അതിന് ഇരയാണ്. അതിനാൽ തീവ്രവാദത്തിനെതിരെ പോരാടേണ്ടത് തങ്ങളുടെ ആവശ്യമാണെന്നും ഭൂട്ടോ പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ബിലാവൽ ഭൂട്ടോയോട് സംസാരിക്കാൻ എസ് ജയ്ശങ്കർ തയ്യാറായില്ല. ഭീകരരുടെ പ്രധാനതാവളമാണ് പാകിസ്താനെന്നും എപ്പോഴും തീവ്രവാദത്തെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് പാകിസ്താൻ ചെയ്യുന്നതെന്ന് ജയ്ശങ്കർ ആഞ്ഞടിച്ചിരുന്നു. തീവ്രവാദത്തിന്റെ ഇരകൾ തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നവരുടെ കൂടെ ചർച്ചയ്ക്ക് ഇരിക്കാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post