തിരുവനന്തപുരം: സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച വിവാദങ്ങൾക്കിടെ ഇക്കാര്യം തുറന്ന് സമ്മതിച്ച് നടൻ ടിനി ടോം. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് മികച്ച അവസരം ലഭിച്ചിട്ടും മകനെ സിനിമയിൽ അഭിനയിക്കാൻ വിടാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള സിനിമയിലെ പ്രമുഖ നടനൊപ്പം അഭിനയിക്കാൻ തന്റെ മകന് അവസരം ലഭിച്ചിരുന്നു. എന്നാൽ വിട്ടില്ല. സിനിമാ രംഗത്തെ ലഹരി ഉപയോഗത്തെക്കുറിച്ച് ഭാര്യയ്ക്ക് ഭയമുണ്ട്. ഇതേ തുടർന്നാണ് അഭിനയിക്കാൻ വിടാതിരുന്നത്. പ്രമുഖന്റെ നടന്റെ മകന്റെ വേഷമായിരുന്നു മകന് ലഭിച്ചതെന്നും ടിനി ടോം കൂട്ടിച്ചേർത്തു.
17-18 വയസ്സിൽ നമ്മുടെ കുട്ടികൾ ലഹരിയ്ക്ക് അടിമകളായി വഴി തെറ്റുകയാണ്. തനിക്ക് ഒരു മകനേയുള്ളു. അതുകൊണ്ട് തന്നെ ഭയം അൽപ്പം കൂടുതലാണ്. യുവാക്കളെ അടിമകളാക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന മഹാമാരിയാണ് ലഹരി. അതുകൊണ്ട് തന്നെ അതിനെ മാറ്റി നിർത്തണം. ഇതിനെതിരെ യുവാക്കൾ തന്നെ രംഗത്ത് എത്തി പൊരുതണം എന്നാണ് തനിയ്ക്ക് പറയാനുള്ളത്. കല മാത്രമാകട്ടെ നമ്മുടെ ലഹരിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ സിനിമാ ലൊക്കേഷനിലെ ലഹരി ഉപയോഗത്തെയും മോശം പെരുമാറ്റത്തെയും തുടർന്ന് രണ്ട് താരങ്ങളെ മാറ്റിനിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജ്ജീവമായത്. സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നുണ്ടെന്നാണ് ഉയരുന്ന ആരോപണം. ഇതിൽ എക്‌സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post