പാലക്കാട്: മലമ്പുഴയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ മത്സ്യത്തൊഴിലാളിയ്ക്ക് വീണ് പരിക്കേറ്റു. കരടിയോട് സ്വദേശി ചന്ദ്രന് ആണ് പരിക്കേറ്റത്. താടിയെല്ലിന് പരിക്കേറ്റ ചന്ദ്രൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
രാവിലെയോടെയായിരുന്നു സംഭവം. മലമ്പുഴ ഡാമിലേക്ക് മീൻ പിടിക്കാൻ പോകുമ്പോഴായിരുന്നു സംഭവം. അണക്കെട്ടിന് സമീപം എത്തിയപ്പോഴായിരുന്നു ചന്ദ്രൻ ആനയെ കണ്ടത്. ഇതോടെ തിരിഞ്ഞ് ഓടുകയായിരുന്നു. ഇതിനിടെ പാറമുകളിൽ നിന്നും വീണു. പരിക്കേറ്റ ചന്ദ്രനെ അതുവഴി പോയ ആളുകളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് ചന്ദ്രൻ. കഴിഞ്ഞ ദിവസം ഇവിടേയ്ക്ക് മീൻ പിടിക്കാൻ എത്തിയ മറ്റൊരു മത്സ്യത്തൊഴിലാളിയ്ക്കും ആനയെ കണ്ട് ഭയന്നോടി പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാന സംഭവം ഉണ്ടാകുന്നത്. പിടി 14 ആണ് നിലവിൽ ഇവിടെ ചുറ്റിത്തിരിയുന്നത് എന്നാണ് സൂചന.
വേനൽ കാലമായതോടെയാണ് അണക്കെട്ട് മേഖലയിൽ കാട്ടാനകൾ കൂട്ടത്തോടെ എത്താൻ ആരംഭിച്ചത്. കാടിനുള്ളിൽ ജലസ്രോതസ്സുകൾ ഇല്ലാത്തതിനാൽ ഇവിടെയെത്തിയാണ് ഇവ വെളളം കുടിക്കുന്നത്. വേനൽ ആരംഭിച്ചപ്പോൾ തന്നെ ആനകളുടെ സാന്നിദ്ധ്യം മേഖലയിൽ കണ്ട് തുടങ്ങിയിരുന്നു.
Discussion about this post