മലപ്പുറം: മലപ്പുറം താനൂരിൽ വിനോദയാത്രാ ബോട്ട് മറിഞ്ഞ് അപകടം. ആറ് പേർ മരിച്ചു. വൈകിട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. താനൂർ ഒട്ടുമ്പുറം തൂവൽതീരത്താണ് അപകടം ഉണ്ടായത്.
മുപ്പത് പേർ ബോട്ടിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. തൂവൽ തീരം ബീച്ചിലാണ് സംഭവം. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടും. ചെളി നിറഞ്ഞ പ്രദേശത്താണ് ബോട്ട് മറിഞ്ഞത്.
മതിയായ സുരക്ഷയില്ലാതെ സർവ്വീസ് നടത്തിയ ബോട്ടാണ് അപകടം വരുത്തിവെച്ചതെന്നാണ് വിവരം. രക്ഷപെടുത്തിയ യാത്രക്കാരെ മലപ്പുറത്തെയും താനൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുളളവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.
ബോട്ടിൽ കൂടുതൽ ആളുകളെ കയറ്റിയതായും പ്രദേശവാസികൾ പറഞ്ഞു. ലൈഫ് ജാക്കറ്റ് പോലുമില്ലാതെയാണ് ഇവിടെ യാത്രക്കാരെ കയറ്റുന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളികളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇരുപതിലധികം പേരെ രക്ഷപെടുത്തിയിട്ടുണ്ട്. ബോട്ട് തലകീഴായി മറിഞ്ഞു. ബോട്ട് നിവർത്തിയ ശേഷം മാത്രമേ ഉളളിൽ രക്ഷാപ്രവർത്തനം സാദ്ധ്യമാകൂ. ഇതും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തെയും ബാധിച്ചു.
Discussion about this post